ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ടുവയസ്സുകാരിക്ക് സർക്കാർ പണം കൈമാറി. ഒരു ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപയാണ് സർക്കാർ കുട്ടിയുടെയും റൂറൽ എസ്പിയുടെയും അക്കൗണ്ടിലേക്ക് മാറ്റിയത്. ഈ തുക കുട്ടിയെ അപമാനിച്ച പോലീസ് ഉദ്യോഗസ്ഥയിൽ നിന്നും ഈടാക്കാനാണ് ഹൈക്കോടതി നിർദേശം. അപമാനിക്കപ്പെട്ട പെൺകുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം സർക്കാർ നൽകണമെന്ന് കഴിഞ്ഞ ഡിസംബർ 22നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. കോടതി ചിലവിനായി 25,000 രൂപയും പെൺകുട്ടിയെ അപമാനിച്ച പോലീസ് ഉദ്യോഗസ്ഥയെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി നിർത്തണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞവർഷം ഓഗസ്റ്റ് 27നാണ് പെൺകുട്ടിയെ മോഷണക്കുറ്റം ആരോപിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ രജിത അപമാനിച്ചത്. കൊല്ലം സിറ്റിയിലേക്കുള്ള സ്ഥലംമാറ്റത്തിലും 15 ദിവസത്തേക്കുള്ള നല്ല നടപ്പ് പരിശീലനത്തിലും രജിതയ്ക്കെതിരായി വകുപ്പുതല നടപടി ഒതുക്കിയിരുന്നു തുടർന്ന് പെൺകുട്ടിയുടെ അച്ഛൻ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്
