നെയ്യാറ്റിൻകര: അതിർത്തി തർക്കത്തിനിടെ അയൽവാസി, റബർ കമ്പ് ഉപയോഗിച്ചു കഴുത്തിൽ കുത്തി ഗുരുതരമായി പരുക്കേൽപിച്ച വീട്ടമ്മ മരണത്തിനു കീഴടങ്ങി. അതിയന്നൂർ പഞ്ചായത്തിൽ അവണാകുഴി കരിക്കകംതല പുത്തൻവീട്ടിൽ പരേതനായ അനിരുദ്ധന്റെ ഭാര്യ വിജയകുമാരി (45) ആണ് ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെ മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രി ശസ്ത്രക്രിയ വിഭാഗം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാരം ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ. വിജയകുമാരിയെ കുത്തി പരുക്കേൽപിച്ച അതിയന്നൂർ കമുകിൻകോട് ഒറ്റപ്ലാവിള വീട്ടിൽ അനീഷ് (25), അരംഗമുകൾ മേലെ വീട്ടിൽ നിഖിൽ (21) എന്നിവർ റിമാൻഡിൽ ആണ്. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം. വിജയകുമാരിയും മകൾ ശിവകലയും താമസിക്കുന്ന വീടിനു സമീപത്തായി, അനീഷ് സ്ഥലം വാങ്ങിയത് ഇടക്കാലത്താണ്. അന്നു മുതൽ അതിർത്തി തർക്കം നിലനിൽക്കുന്നുണ്ട്.
