കുളത്തൂർ: ആക്കുളം കായലിൽ ചാടിയ 16 വയസുകാരിയെ വിനോദ സഞ്ചാര ബോട്ടിന്റെ ഡ്രൈവർ രക്ഷപ്പെടുത്തി. കഴക്കൂട്ടം സ്വദേശിയായ പെൺകുട്ടിയാണ് ഇന്നലെ വൈകിട്ട് 4.45 ഓടെ ആക്കുളം പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയത്. ഈ സമയത്ത് വേളി ടൂറിസ്റ്റ് വില്ലേജിൽ നിന്നുള്ള സഞ്ചാരികളുമായി വന്ന ബോട്ട് പാലത്തിന് സമീപത്തുണ്ടായിരുന്നു.ബോട്ട് ഡ്രൈവറായ എ.സുരേഷ് കുമാർ ലൈഫ്ബോയ വെള്ളത്തിലേക്ക് ഇട്ടുനൽകിയെങ്കിലും പെൺകുട്ടി പിടിക്കാൻ തയാറായില്ല. തുടർന്ന് സുരേഷ് വെള്ളത്തിലേക്ക് ചാടി പെൺകുട്ടിയെ ബോട്ടിലേക്ക് കയറ്റി. എന്നാൽ വീണ്ടും കുട്ടി വെള്ളത്തിലേക്ക് ചാടാൻ ശ്രമിച്ചതോടെ ബോട്ടിലുണ്ടായിരുന്നവർ ചേർന്ന് ബലമായി പിടിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു. ഫയർഫോഴ്സിന്റെ സഹായത്തോടെ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പെൺകുട്ടിയുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.പെൺകുട്ടി ചാടിയതെന്തിനാണെന്ന് അന്വേഷിക്കുന്നതായും പൊലീസ് അറിയിച്ചു.
