അമരവിള- കാരക്കോണം റോഡിൽ കൂനമ്പന കവലക്ക് സമീപം അപകടവസ്ഥയിൽ നിന്ന ആഞ്ഞിലി മരം മുറിച്ചുമാറ്റുവാൻ ഉത്തരവിട്ട ജില്ലാ ഭരണകൂടത്തെ കുന്നത്തുകാൽ ജനകിയ വികസന കൂട്ടായ്മ അഭിനന്ദിച്ചു. പതിറ്റാണ്ടുകൾ പഴക്കം ചെന്ന ഉണങ്ങിയ മരത്തിന്റെ ജീർണിച്ച ഭാഗങ്ങൾ വാഹനങ്ങളുടെ മുകളിലും സമീപ വീടുകളിലും പതിച്ചു കാൽനടയാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണി ഉയർത്തിയിരുന്നു. ഈ മരത്തിന്റെ അപകടാവസ്ഥ ചൂണ്ടികാണിച്ചു പൊതുപ്രവർത്തകൻ റോബിൻ പ്ലാവിള ജില്ലാ കളക്ടറിന് പരാതി നൽകിയിരുന്നു. ഇതിനിടയിൽ പൊതുമരാമത്ത് ലേല നടപടികളുമായി മുന്നോട്ടുപോയി. സോഷ്യൽ ഫോറസ്ട്രി നിശ്ചയിച്ച വിലപ്രകാരം മൂന്നു പ്രാവശ്യം പൊതുമരാമത്തു വകുപ്പ് നടത്തിയ ഇ – ലേലത്തിൽ ആരും പങ്കെടുത്തില്ല. നാട്ടുകാരുടെയും സമീപവാസികളുടെയും പരാതിയെ തുടർന്ന് പാറശാല എം.എൽ .എ സി കെ ഹരീന്ദ്രനും ജില്ലാ കളക്ടറോട് അടിയന്തര നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് സി ആർ പി സി 133 പ്രകാരം മരം മുറിച്ചുമാറ്റുവാൻ ആർ ഡി ഓ ഉത്തരവുനൽകി. മരം മുറിക്കുവാനുള്ള ഫണ്ടിന്റെ അപര്യാപ്തത ചൂണ്ടികാണിച്ചു ഉത്തരവ് നടപ്പിലാക്കാൻ പൊതുമരാമത്തുദ്യോഗസ്ഥർ കാലതാമസം വരുത്തിയത് പൊതുപ്രവർത്തകർ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് ജില്ലാ കളക്ടർ അടിയന്തരമായി ഉത്തരവ് നടപ്പിലാക്കാൻ ബന്ധപ്പെട്ടവർക്ക് കർശന നിർദ്ദേശം നൽകിയതിനെ തുടർന്ന് അപകടാവസ്ഥയിൽ നിന്ന മരത്തിന്റെ എൺപത് ശതമാനം ഭാഗങ്ങളും മുറിച്ചുമാറ്റി ശേഷിക്കുന്ന ഭാഗങ്ങൾ വരും ദിവസങ്ങളിൽ മുറിച്ചു മാറ്റും.മുറിക്കുന്ന മുറയ്ക്ക് സ്ഥലത്തു വച്ചുതന്നെ പരസ്യലേലം നടത്താൻ തീരുമാനിച്ചതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. നിരവധി വിദ്യാഭാസ സർക്കാർ വ്യാപാര സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശത്തെ നാട്ടുകാർ വലിയൊരു വിപത്തിൽ നിന്നും ഭീതിയൊഴിഞ്ഞ സന്തോഷത്തിലാണ്. ജനങ്ങളുടെ ആശങ്കയെ ഗൗരവമായി കണക്കിലെടുത്തു അടിയന്തര നടപടി സ്വീകരിച്ച ജില്ലാ കളക്ടറെ നേരിട്ടുകണ്ട് പൊതുപ്രവർത്തകൻ റോബിൻ പ്ലാവിള ജനകീയ വികസന കൂട്ടായ്മക്ക് വേണ്ടി പൂച്ചെണ്ടുനൽകി നന്ദിയും അനുമോദനവും അറിയിച്ചു.



