മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല അർപ്പിക്കാൻ വൻ ഭക്തജന തിരക്ക്. കുംഭ ഭരണി മഹോത്സവത്തിന്റെ ഭാഗമായി ഇന്നലെ രാവിലെയാണ് ക്ഷേത്രത്തിലെ പ്രധാന വഴുപാടുകളിലൊന്നായ അശ്വതി പൊങ്കാല ചടങ്ങ് നടന്നത്. ദേവീക്ക് പൊങ്കാലയർപ്പിക്കാൻആയിരങ്ങളാണ് ക്ഷേത്രമുറ്റത്ത് എത്തിയത്. ദേവീമന്ത്രങ്ങളും വായ്ക്കുരവയുമായാണ് സ്ത്രീകൾ ആത്മസമർപ്പണത്തിന്റെ പൊങ്കാലയർപ്പിച്ചത്. ചടങ്ങിൽ പങ്കെടുക്കാൻ അതിരാവിലെ മുതൽ ക്ഷേത്രത്തിൽ ഭക്തജനങ്ങളെത്തി. രാവിലെ 9 .05 ക്ഷേത്രത്തിന്റെ വടക്കേ നടയിൽ ഒരുക്കിയ പണ്ടാര അടുപ്പിൽ ക്ഷേത്ര മേൽശാന്തി മനോജ് നമ്പൂതിരി തീ പകർന്നു.തുടർന്ന് പണ്ടാര അടുപ്പിൽ നിന്ന് മറ്റ് പൊങ്കാല അടുപ്പുകളിലേക്ക് തീ പകർന്നു. പൊങ്കാല നിവേദ്യം സമർപ്പിക്കാൻ എത്തിയവർക്ക് ലഘുഭക്ഷണവും പാനീയവും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും വകയായി വിതരണം ചെയ്തു. മുടപുരം, മുട്ടപ്പലം, കൊച്ചാലുംമൂട് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലെ ഓട്ടോ ഡ്രൈവർമാർ പൊങ്കാല ഇടാൻ വന്നവർക്ക് സൗജന്യ യാത്രയും ഒരുക്കിയിരുന്നു.മുടപുരം കാട്ടുമുറാക്കൽ ജമാഅത്തിന്റെയും സേവാ ഭാരതിയുടെയും ആംബുലൻസ് ക്ഷേത്രത്തിൽ സൗജന്യ സേവനം ഒരുക്കിയിരുന്നു.ആരോഗ്യ വകുപ്പിന്റെയും ആറ്റിങ്ങൽ കിംസ് ഹോസ്പിറ്റലിന്റെയും സേവനം പ്രേത്യേകം ഒരുക്കിയിരുന്നു.ഉത്സവത്തിന്റെ സമാപന ദിവസമായ ഇന്ന് ഭരണി മഹോത്സവമാണ്. രാവിലെ 4.30 മുതൽ പതിവ് പൂജകളും ക്ഷേത്ര ചടങ്ങുകളും ആരംഭിക്കും. രാവിലെ 5.30ന് ശാസ്താവിന് നെയ്യഭിഷേകം. 8 ന് എഴുന്നള്ളത്ത് ആരംഭിക്കും. വിവിധ കരകളിലൂടെ സഞ്ചരിച്ച് എഴുന്നള്ളത്ത് ക്ഷേത്രത്തിൽ എത്തിയ ശേഷം ഉച്ചക്ക് 2 മുതൽ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ഗരുഢൻതൂക്കം, കുത്തിയോട്ടം എന്നിവ ആരംഭിക്കും. വൈകിട്ട് 4ന് ശിങ്കാരിമേളം, 5 ന് കരോക്കെ ഗാനമേള . രാത്രി 10ന് തിരുവനന്തപുരം ഗ്രേസ് വോയിസിന്റെ ഗാനമേള.11ന് ചമയ വിളക്ക്,തുടർന്ന് കൊടിയിറക്ക്, വലിയകാണിക്ക, ആചാര വെടിക്കെട്ട്.

