വിതുര: തൊളിക്കോട് ഗ്രാമ പഞ്ചായത്തിലെ വിനോബനികേതൻ വാർഡിലെ പറണ്ടോട് നാലാംകല്ല് മേഖലയിൽ മോഷണ പരമ്പര. ഒരു മാസത്തിലേറെയായി റബർ ഷീറ്റ്, ഒട്ടുകറ, അനുബന്ധ വസ്തുക്കൾ, കാർഷിക വിഭവങ്ങൾ, പാത്രങ്ങൾ എന്നിവ മോഷണം പോകുകയാണ്. നാലാംകല്ല് മേഖലയിലെ വിവിധ വീടുകളിൽ നിന്നും 100 കിലോയോളം റബർ ഷീറ്റ് മോഷണം പോയെന്നാണു നിഗമനം. പ്രദേശത്തെ കുറിച്ചു വ്യക്തമായ ധാരണയുള്ള ചിലർ മദ്യപാനത്തിനും ലഹരി ഉപയോഗത്തിനും പണം കണ്ടെത്തുന്നതിനായി മോഷണം തുടർക്കഥ ആക്കിയിരിക്കുകയാണ് എന്നാണ് ആരോപണം.തിങ്കളാഴ്ച നാലാംകല്ലിലെ ഒരു വീടിനു സമീപത്തെ കിണറ്റിൽ സ്ഥാപിച്ചിരുന്ന പമ്പ് സെറ്റ് മോഷണം പോയി. ഇതേ വീട്ടിൽ നിന്നു റബർ ഷീറ്റ് മോഷണം പതിവാണ്. ആര്യനാട് പൊലീസ് അധികൃതരെത്തി മേഖലയിൽ പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണത്തിനു പിന്നിൽ ഉള്ളവരെ അടിയന്തരമായി പിടികൂടണമെന്നു ഗ്രാമ പഞ്ചായത്ത് അംഗം എം. ലിജു ആവശ്യപ്പെട്ടു.
