തിരുവനന്തപുരം: പിഎസ്സിയുടെ പേരിൽ വ്യാജ കത്ത് നിർമിച്ചു സർക്കാർ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിലെ രണ്ടാം പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പ്രതികൾക്കായി സംസ്ഥാനമൊട്ടാകെ തിരച്ചിൽ നടത്തുന്നതിനിടെയാണ് തൃശൂർ ആമ്പല്ലൂർ സ്വദേശി രശ്മി ഇന്നലെ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ നാടകീയമായി കീഴടങ്ങിയത്. രാവിലെ മൂന്നു വയസ്സുള്ള മകനുമായി ഓട്ടോറിക്ഷയിലാണ് രശ്മി എത്തിയത്. ഒന്നാം പ്രതി അടൂർ സ്വദേശി ആർ.രാജലക്ഷ്മിയുടെ നിർദേശ പ്രകാരമാണ് ഉദ്യോഗാർഥികളിൽ നിന്നു പണം പിരിച്ചതെന്ന് രശ്മി മൊഴി നൽകി.പിരിച്ചെടുത്ത പണം രാജലക്ഷ്മിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയതിന്റെ തെളിവും ഇവർ ഹാജരാക്കി. പണം മുഴുവൻ രാജലക്ഷ്മിയുടെ പക്കലാണെന്നാണ് ഇവർ പറയുന്നത്. ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഇന്നു രാവിലെ അറസ്റ്റ് രേഖപ്പെടുത്തും. രാജലക്ഷ്മിക്കും രശ്മിക്കും പുറമേ ഇവരുടെ ഭർത്താക്കന്മാരെയും കേസിൽ പ്രതി ചേർത്തതായി കഴക്കൂട്ടം സൈബർ സിറ്റി അസി.കമ്മിഷണർ ഓഫിസിലെ ഉദ്യോഗസ്ഥർ പറഞ്ഞു. വിജിലൻസ്, ഇൻകംടാക്സ്, ജിഎസ്ടി വകുപ്പുകളിൽ ഇല്ലാത്ത തസ്തികകളിൽ അടക്കം ജോലി വാഗ്ദാനം ചെയ്തു 35 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.വാട്സാപ് ഗ്രൂപ്പു വഴി ഉദ്യോഗാർഥികളുടെ വിശ്വാസം നേടിയെടുത്ത പ്രതികൾ ഓൺലൈൻ ഇടപാടിലൂടെയാണ് പണം കൈപ്പറ്റിയത്. 15 പേരിൽ നിന്നായി 2 മുതൽ 4 ലക്ഷം വരെയാണ് പിരിച്ചെടുത്തത്. മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെ ഉദ്യോഗാർഥികൾ പണം തിരികെ ആവശ്യപ്പെട്ടു. തുടർന്നാണ് പിഎസ്സിയുടെ പേരിൽ നിർമിച്ച വ്യാജ കത്ത് ഇവർക്ക് അയച്ചത്. കത്തുമായി പിഎസ്സി ആസ്ഥാനത്ത് 2 ഉദ്യോഗാർഥികൾ എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
