ആറ്റിങ്ങൽ: ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാട്ടി വയോധികയായ ലോട്ടറി വിൽപനക്കാരിയിൽ നിന്നു പണം തട്ടിയതായി പരാതി. ആലംകോട് മണ്ണൂർഭാഗം വയലിൽ വീട്ടിൽ ഇന്ദിര(65) ആണ് തട്ടിപ്പിനിരയായത്. വെള്ളി ഉച്ചയോടെ ആറ്റിങ്ങൽ എൽഐസി ഓഫിസിന് സമീപത്തു വച്ചാണ് സംഭവം. വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസിന്റെ കെ.എൻ.487 ലോട്ടറിയുടെ ടിക്കറ്റിലാണ് കൃത്രിമം കാട്ടി പണം തട്ടിയത്. സമ്മാനമടിച്ച ടിക്കറ്റാണെന്ന് വിശ്വസിപ്പിച്ചാണ് രണ്ടംഗ സംഘം വിൽപനക്കാരിയെ കബളിപ്പിച്ചത്.3500 രൂപയും ഓണം ബംപറിന്റെ മൂന്ന് ടിക്കറ്റുകളും സംഘം തട്ടിയെടുത്തു. ആറ്റിങ്ങൽ ഭഗവതി ലോട്ടറി ഏജൻസിയിൽ നിന്നും ലോട്ടറി ടിക്കറ്റെടുത്ത് കാൽനടയായി കൊണ്ടു നടന്ന് വിൽപന നടത്തുന്നയാളാണ് ഇന്ദിര. ദേശീയപാതയോരത്തു കൂടി കാൽ നടയായി എൽഐസി ഓഫിസിന്റെ എതിർ വശത്ത് ലോട്ടറി കച്ചവടത്തിനായി എത്തുമ്പോഴാണ് സംഭവം. കാൽ നടയായി എത്തിയ 40 ന് മുകളിൽ പ്രായം തോന്നിക്കുന്ന രണ്ടുപേർ ഇന്ദിരയെ സമീപിക്കുകയും കാരുണ്യ പ്ലസിന്റെ 5000 രൂപ സമ്മാനമടിച്ച ടിക്കറ്റ് തങ്ങളുടെ കൈവശമുണ്ടെന്നുംഅത് എടുക്കുകയാണെങ്കിൽ ഓണം ബംപറിന്റെ രണ്ട് ടിക്കറ്റെടുക്കാമെന്നും ബാക്കി പണം നൽകണമെന്നും പറഞ്ഞു. 3500 രൂപ മാത്രമേ കൈവശമുള്ളൂ എന്ന് ഇന്ദിര സംഘത്തോട് പറഞ്ഞു. സമ്മാനമടിച്ചതായി പറഞ്ഞ ടിക്കറ്റ് കൈമാറി ഇന്ദിരയുടെ കൈവശമുണ്ടായിരുന്ന പണം വാങ്ങുകയും ഓണം ബംപറിന്റെ മൂന്ന് ടിക്കറ്റെടുക്കുകയും ചെയ്ത ശേഷം സംഘം കടന്നു. ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകിയതായി ഇന്ദിര പറഞ്ഞു.
