തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസത്തിനായി യുവജനങ്ങൾ കേരളം വിടുന്നതിൽ വ്യത്യസ്ത പ്രതികരണങ്ങളുമായി ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടവും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ വേദിയിൽ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വിഷയത്തിൽ പ്രതികരിച്ചു. രക്ഷപ്പെടാൻ സംസ്ഥാനം വിടണമെന്ന തോന്നൽ യുവജനങ്ങളിൽ നിന്ന് ഒഴിവാക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനുണ്ടെന്ന മാർ പെരുന്തോട്ടത്തിന്റെ പ്രസ്താവനയോട് പുതുതലമുറ കേരളം വിടുന്നത് സംസ്ഥാനത്തിന്റെ പ്രശ്നമല്ലെന്നും കാലത്തിന്റെ മാറ്റമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിറോ മലബാർ സഭ ഏറ്റവും വലിയ പ്രശ്നങ്ങൾ അഭിമുഖീകരിച്ചപ്പോൾ സർക്കാർ ഇടപ്പെട്ടത് നിഷ്പക്ഷവും കാര്യക്ഷമവുമായാണെന്നും അല്ലെങ്കിൽ എന്താണു സംഭവിക്കുക എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാർ ജോസഫ് പെരുന്തോട്ടം പങ്കുവച്ചത് അദ്ദേഹത്തിന്റെ ആശങ്കയാണെന്നും അത് ലാഘവത്തോടെ കാണേണ്ടതല്ല എന്നും വി.ഡി.സതീശൻ പറഞ്ഞു. മുഖ്യമന്ത്രി വേദി വിട്ടതിനു ശേഷമായിരുന്നു സതീശന്റെ പ്രതികരണം. സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിന് ചങ്ങനാശേരി അതിരൂപതയുടെനേതൃത്വത്തിൽ നൽകിയ സ്വീകരണത്തിലാണ് വിദേശ പഠനം വിഷയമായത്.
സിറോ മലബാർ സഭ കേരളത്തിൽ കുറയുന്ന സമൂഹമായി മാറുന്നെന്നും സംസ്ഥാനത്ത് യുവജനങ്ങൾക്ക് ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നുമാണ് അധ്യക്ഷ പ്രസംഗത്തിൽ മാർ പെരുന്തോട്ടം ആവശ്യപ്പെട്ടത്. പഴയ കാലമല്ലെന്നും കുട്ടികൾ പഠിക്കുന്നതിനൊപ്പം മറ്റു രാജ്യങ്ങളിലേക്കു പോകണമെന്ന് ആവശ്യപ്പെടുകയാണെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.
