വിതുര : പൊന്മുടിയിൽ അമ്മയാനയും കുട്ടിയും റോഡിലേക്ക് ഇറങ്ങുന്നതു പതിവ്. ഒന്നാം വളവിലും രണ്ടാം വളവിലും അമ്മയും കുട്ടിയും റോഡിലേക്ക് ഇറങ്ങി അൽപ നേരം ചെലവഴിച്ച ശേഷം കാട്ടിലേക്കു മടങ്ങും. രണ്ട് കാട്ടാനകളെ നാലാം വളവിൽ കണ്ടതിന്റെ തൊട്ടടുത്ത ദിവസമാണ് അമ്മയെയും കുട്ടിയെയും റോഡരികിൽ കണ്ടതെന്നും ഒട്ടേറെ സഞ്ചാരികൾ പല സമയത്തായി ഇതുവഴി കടന്നു പോകുന്നതിനാൽ മേഖലയിൽ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും പാലോട് വനം റേഞ്ച് ഓഫിസർ എസ്. രമ്യ ‘മനോരമ’യോടു പറഞ്ഞു. കാട്ടാനകൾ ഭക്ഷണം തേടി വന്നതാകാമെന്നാണു പ്രാഥമിക നിഗമനം. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആവശ്യമെങ്കിൽ മാത്രം കാട് കയറ്റാനുള്ള ശ്രമത്തിലേക്കു നീങ്ങാമെന്നുള്ള നിലപാടിലാണ് വനം വകുപ്പ്.
തിരുവനന്തപുരം സ്വദേശിയായ ജിബിൻ ജോയ് പൊന്മുടി യാത്രയ്ക്കിടെ ഇക്കഴിഞ്ഞ 11 നു വൈകിട്ടു പകർത്തിയ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇദ്ദേഹം വിഡിയോ പകർത്തിയ സ്ഥലത്തു തന്നെ രണ്ടു മൂന്നു തവണ അമ്മയെയും കുട്ടിയെയും കണ്ടതായി പ്രദേശവാസികൾ പറയുന്നു. തിരക്കുള്ള പകൽ സമയങ്ങളിൽ ആനകൾ റോഡിലേക്ക് ഇറങ്ങില്ല. അതിരാവിലെയും വൈകിട്ട് റോഡിലെ തിരക്കു കുറയുന്ന സമയങ്ങളിലുമാണ് ഇവ എത്തുന്നത്. നാലാം വളവിൽ കണ്ട രണ്ട് കാട്ടാനകളും റോഡിലേക്ക് ഇറങ്ങിയിരുന്നില്ല. റോഡരികിൽ ആനകളെ കണ്ടതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു മരത്തടിയും മറ്റും കൊണ്ടു വനം വകുപ്പ് തടസ്സം തീർത്തിരുന്നു. എന്നാൽ പതിവായി ആനകൾ ഉൾ വനത്തിൽ നിന്നു പുറത്തേക്ക് എത്തുന്ന ഭാഗം വഴിയല്ല അമ്മയും കുട്ടിയും വരുന്നത്.
