തിരുവനന്തപുരം : ചെങ്കോട്ടുകോണത്ത് യുവാവ് പെട്രോളൊഴിച്ച് കത്തിച്ച യുവതി മരിച്ചു. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് യുവതി മരിച്ചത്. ചെങ്കോട്ടുകോണം എസ്.എൻ പബ്ലിക് സ്കൂളിന് സമീപം സോമസൗതം വീട്ടിൽ പരേതനായ അനിൽകുമാറിന്റെ ഭാര്യ സരിത (46), ഇവരുടെ സുഹൃത്ത് ചെല്ലമംഗലം പ്ളാവില വീട്ടിൽ ബിനു (50) എന്നിവർക്കാണ് കഴിഞ്ഞ രാത്രിയിൽ പൊള്ളലേറ്റത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ബിനു. സരിതയുടെ ഭർത്താവ് പത്തുവർഷം മുമ്പാണ് മരിച്ചത്. ഇരുവരും തമ്മിൽ ദീർഘനാളത്തെ പരിചയമുണ്ട്. സരിതയെ പെട്രൊളൊഴിച്ച് കത്തിച്ച ശേഷം ബിനു സ്വയം തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, യുവതി തന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തി പെട്രോളൊഴിച്ച് കത്തിച്ചെന്നാണ് ബിനു നൽകിയിരിക്കുന്ന മൊഴി.ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
ഇന്നലെ രാത്രി 8.30 നായിരുന്നു സംഭവം. ആക്ടീവ സ്കൂട്ടറിലാണ് ബിനു സരിതയുടെ വീട്ടിലെത്തിയത്. കന്നാസിൽ 5 ലിറ്റർ പെട്രോളുമായിട്ടാണ് ഇയാൾ എത്തിയത്. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായെന്നും ഇതിനിടെ സരിതയുടെ ശരീരത്തിൽ പെട്രോളൊഴിച്ച് ബിനു കത്തിക്കുകയുമായിരുന്നു. തുടർന്ന് ബനു സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തി. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ദേഹമാസകലം പൊള്ളലേറ്റ നിലയിൽ സരിതയെ കണ്ടെത്തിയത്. ഉടൻ ചാക്കും തുണികളും പുതപ്പിച്ച് തീ കെടുത്തി. തുടർന്ന് ആംബുലൻസിൽ സരിതയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഈ സമയം വീടിന്റെ പിറകിൽ ദേഹമാസകലം തീപിടിച്ച നിലയിൽ നിൽക്കുന്ന ബിനുവിനെ നാട്ടുകാർ കണ്ടെത്തി. അതിനിടെ ഇയാൾ വീട്ടിലെ കിണറ്റിലേക്ക് ചാടി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കഴക്കൂട്ടം ഫയർഫോഴ്സെത്തിയാണ് ഇയാളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ഇയാൾക്ക് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ബിനുവിന്റെ സ്കൂട്ടറിൽനിന്നും വെട്ടുകത്തിയും മുളകുപൊടിയും കണ്ടെടുത്തു. സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസെടുത്തു.
