വിതുര : കാറിന്റെ ഡോർ തുറന്നപ്പോൾ ദേഹത്തു തട്ടിയതു ചോദ്യം ചെയ്ത പട്ടിക ജാതി വിഭാഗത്തിൽപെട്ട യുവാവിനെ അഞ്ചംഗ സംഘം മർദിച്ച സംഭവത്തിൽ രണ്ടു പേർ കീഴടങ്ങി. അഞ്ചംഗ സംഘത്തിലെ മൂന്നു പ്രധാന പ്രതികൾ വിദേശത്തേക്കു കടന്നതിനാൽ പൊലീസിനു പിടികൂടാൻ കഴിഞ്ഞില്ല. മർദനത്തിന്റെ മൊബൈൽ ഫോൺ ദൃശ്യം പരിശോധിച്ച് പൊലീസ് പ്രതികൾ സഞ്ചരിച്ച കാർ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ ഇതിനിടെ പ്രതികൾ വിദേശത്തേക്കു കടന്നു. ചിറയിൻകീഴ് കിഴുവിലം സ്വദേശികളായ സജിത്ത്, ബൈജു എന്നിവരാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കഴിഞ്ഞ മാസം 25 ന് വിതുര കെപിഎസ്എം ജംക്ഷനിലെ ബവ്റിജസ് ഔട്ലെറ്റിനു സമീപമായിരുന്നു കേസിനാസ്പദമായ സംഭവം. വിതുര പറങ്കിമാംതോട്ടം സ്വദേശി അനി ഡെന്നി(32)ക്കാണു മർദനമേറ്റത്. റോഡിന് സമീപം നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ തുറന്നപ്പോൾ അതുവഴി നടന്നു വരികയായിരുന്ന അനിയുടെ ദേഹത്ത് തട്ടിയിരുന്നു. ഇതു ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു മർദനം. ആളുകൾ ഓടിക്കൂടിയതോടെ ഇവർ കാറിൽ കയറി സ്ഥലം വിടുകയായിരുന്നു.
