തിരുവനന്തപുരം : വാശിയേറിയ പ്രചാരണത്തിനൊടുവിൽ ജില്ലാ പഞ്ചായത്തിലെ വെള്ളനാട് ഡിവിഷൻ, ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ 2 വാർഡുകൾ, 2 പഞ്ചായത്തുകളിലെ 5 വാർഡുകൾ എന്നിവിടങ്ങളിൽ ഇന്നു വിധിയെഴുത്ത്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ നാളെ രാവിലെ 10 മുതൽ.

വെള്ളനാട് ഡിവിഷനിൽ മുന്നണി സ്ഥാനാർഥികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. കോൺഗ്രസ് പ്രതിനിധിയായിരുന്ന വെള്ളനാട് ശശി പാർട്ടി വിട്ടതിനെ തുടർന്നാണ് ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവച്ചത്. പിന്നാലെ സിപിഎമ്മിൽ ചേർന്ന ശശിയെ തന്നെ കളത്തിലിറക്കിയിരിക്കുകയാണ് എൽഡിഎഫ്. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് കൂടിയായ വി.ആർ.പ്രതാപനെയാണ് ഡിവിഷൻ നിലനിർത്താൻ യുഡിഎഫ് രംഗത്തിറക്കിയത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രതാപന് നിർണായകമാണിത്. എൻഡിഎ സ്ഥാനാർഥി മുളയറ രതീഷും തീവ്രപോരാട്ടത്തിലാണ്. കഴിഞ്ഞ തവണ 210 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വെള്ളനാട് ശശിയുടെ വിജയം.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു ദിവസങ്ങൾക്കു മുൻപ് എൻഡിഎയിലെ 2 വനിതാ അംഗങ്ങൾ പ്രാദേശിക നേതൃത്വവുമായി ഇടഞ്ഞു രാജിവച്ചതിനെ തുടർന്നാണ് ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളിമുക്ക്, തോട്ടവാരം വാർഡുകളിൽ ഉപതിരഞ്ഞെടുപ്പിനു വഴിയൊരുങ്ങിയത്. ആകെയുള്ള 31 അംഗങ്ങളിൽ 18 പേർ എൽഡിഎഫ് പ്രതിനിധികളും 6 പേർ കോൺഗ്രസും 7 പേർ എൻഡിഎയും ആണ്. അതിനാൽ ഉപതിരഞ്ഞെടുപ്പ് ഫലം എന്തായാലും മുനിസിപ്പാലിറ്റി ഭരണത്തെ സ്വാധീനിക്കില്ല.

കോൺഗ്രസ് ഭരിക്കുന്ന പെരിങ്ങമ്മല പഞ്ചായത്തിൽ 3 കോൺഗ്രസ് അംഗങ്ങൾ രാജിവച്ചു സിപിഎമ്മിൽ ചേർന്നതിനെ തുടർന്നാണ് മടത്തറ, കൊല്ലായിൽ, കരിമൺകോട് വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 3 സീറ്റും പിടിച്ചെടുത്താലെ സിപിഎമ്മിന് ഭരണം ലഭിക്കൂ. യുഡിഎഫിനു 2 സീറ്റെങ്കിലും നിലനിർത്തിയാൽ ഭരണത്തിൽ തുടരാം. കരവാരം പഞ്ചായത്തിലെ പട്ടള, ചാത്തൻപാറ വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്. ഭരണ സമിതിയിലെ വൈസ് പ്രസിഡന്റ് അടക്കം 2 വനിത അംഗങ്ങൾ രാജിവച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. പഞ്ചായത്ത് ഭരണം എൻഡിഎക്കാണ്. ഉപതിരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ഭരണത്തെ ബാധിക്കാൻ സാധ്യതയുണ്ട്.
