പാറശാല : ദേശീയപാതയുടെ വശങ്ങളിൽ പുല്ലു നിറഞ്ഞത് കാൽനട യാത്രികർക്ക് ഭീഷണിയായി. തിരക്കേറിയ പാതയുടെ പല ഭാഗത്തും റോഡ് വശം വരെ പുല്ലു നിറഞ്ഞിട്ടുണ്ട്. ഫുട്പാത്തിൽ അഞ്ചടി ഉയരത്തിൽ വരെ പുല്ലു നിറഞ്ഞതോടെ തിരക്കേറിയ റോഡിൽ ഇറങ്ങി നടക്കേണ്ട ഗതികേടിൽ ആണ് കാൽനടക്കാർ. കാടു പിടിച്ച ഒട്ടേറെ ഭാഗങ്ങളിൽ ഇഴ ജന്തുക്കളുടെ സാന്നിധ്യം ഉണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. കൊറ്റാമം മുതൽ പരശുവയ്ക്കൽ വരെ ദേശീയപാതയുടെ വശങ്ങളിലെ ടാറിങ് പൊളിഞ്ഞ നിലയിൽ ആണ്. അപകട സാധ്യത കൂടിയ ദേശീയപാതയിലെ ബ്ലാക് സ്പോട്ട് മേഖലകളിൽ മൂന്നു വർഷം മുൻപ് സ്ഥാപിച്ച ഇന്റർലോക്ക് വരെ കാടു നിറഞ്ഞിട്ടുണ്ട്. വൻതുക ചെലവിട്ട ഫുട്പാത്തിന്റെ ഇന്റർലോക്ക് പലയിടത്തും പൊളിഞ്ഞ് മണ്ണ് മൂടി കഴിഞ്ഞു. സന്ധ്യ കഴിഞ്ഞാൽ ദേശീയപാതയിലെ വെളിച്ചക്കുറവ് അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്. കരമന–കളിയിക്കാവിള പാതയിൽ വഴിമുക്ക് മുതൽ കാരാളി വളവ് വരെയുള്ള പതിനെട്ട് കിലോമീറ്റർ ദൂരത്ത് അഞ്ച് പ്രധാന വളവുകളിൽ വെളിച്ചം എത്തിക്കാൻ ദേശീയപാത അതോറിറ്റി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ ഇതുവരെ പ്രവർത്തിച്ചിട്ടില്ല. ലൈറ്റ് പ്രവർത്തിപ്പിക്കുന്നതിനു വേണ്ട വൈദ്യുതി എത്തിക്കൽ, പരിപാലനം, വൈദ്യുതി നിരക്ക് അടയ്ക്കൽ എന്നിവ സംബന്ധിച്ച് പദ്ധതിയിൽ പരാമർശം ഇല്ലാത്തതാണ് ബ്ലാക് സ്പോട്ടുകളിലെ അപകട നിരക്ക് കുറയ്ക്കാൻ കോടികൾ ചെലവിട്ട പദ്ധതി വെളിച്ചം കാണാത്തതിനു പിന്നിൽ. ആയിരക്കണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന പാതയുടെ വശങ്ങളിലെ കുറ്റിക്കാടുകൾ നീക്കം ചെയ്യാൻ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
