പരിശോധനകൾ നിർത്തി മോട്ടർ വാഹന വകുപ്പ്.
നവംബർ 27 ന് പാലസ് റോഡിൽ വച്ച് മൂന്ന് പത്താം ക്ലാസ് വിദ്യാർഥികളെ ബസിടിച്ചിട്ട സംഭവം വിവാദമായതോടെ കൊട്ടിഘോഷിച്ച് ആരംഭിച്ച പരിശോധന ദിവസങ്ങൾക്കകം നിർത്തി വച്ച് മോട്ടർ വാഹന വകുപ്പ്. പരിശോധന കടുപ്പിച്ച ചുരുക്കം ദിവസങ്ങളിൽ ബസുകൾക്കും ജീവനക്കാർക്കുമെതിരെ നടപടി സ്വീകരിക്കുകയും കനത്ത പിഴ ഈടാക്കുകയും ചെയ്തു. പെർമിറ്റ് പ്രകാരമുള്ള സർവീസ് നടത്താതിരിക്കുക, പാതിവഴിയിൽ സർവീസ് നിർത്തിവയ്ക്കുക, വേഗപ്പൂട്ട് ഘടിപ്പിക്കാതിരിക്കുക, അമിതവേഗം , എയർ ഹോൺ ഘടിപ്പിക്കൽ, , യൂണിഫോം ധരിക്കാത്ത ജീവനക്കാർ, നെയിം ബോർഡ് ഘടിപ്പിക്കാത്ത യൂണിഫോം ധരിക്കുന്ന ജീവനക്കാർ, കാബിൻ തിരിക്കാത്ത ബസുകൾ തുടങ്ങിയ ചട്ട– നിയമ ലംഘനങ്ങളാണ് ആറ്റിങ്ങൽ മേഖലയിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ കണ്ടെത്തി നടപടി സ്വീകരിച്ചത്.
ഡിസംബർ ആദ്യവാരം തുടങ്ങിയ പരിശോധന ദിവസങ്ങൾക്കകം നിർത്തിയെന്നാണ് ആക്ഷേപം. പരിശോധന നടത്തിയ സമയത്ത് കാബിൻ തിരിച്ച ബസുകളിൽ പലതും ദിവസങ്ങൾക്കുള്ളിൽ തന്നെ കാബിൻ തിരിക്കുന്ന പൈപ്പുകൾ ഇളക്കി മാറ്റിയാണ് നിലവിൽ സർവീസ് നടത്തുന്നതെന്ന് യാത്രക്കാർ പറയുന്നു. വേഗപ്പൂട്ടുകൾ ഇളക്കി മാറ്റി സർവീസ് നടത്തുന്നതായി മോട്ടർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നുണ്ടെങ്കിലും ബസുകൾക്കെതിരെയോ ജീവനക്കാർക്കെതിരെയോ നടപടി സ്വീകരിക്കുന്നതിൽ നിന്നും വിമുഖത കാട്ടുകയാണെന്ന് പരാതിയുണ്ട്.
