ആശാ സമരത്തിൽ പാർട്ടിവിരുദ്ധ നിലപാട് സ്വീകരിച്ചു; ആർ. ചന്ദ്രശേഖരന് കെപിസിസിയുടെ താക്കീത്.
ആശാ വര്‍ക്കര്‍മാരും സര്‍ക്കാരുമായി നടത്തിയ മൂന്നാംവട്ട ചര്‍ച്ചയില്‍ സര്‍ക്കാരിനെ സഹായിക്കുന്ന തരത്തില്‍ നിര്‍ദേശം വച്ചതുമായി ബന്ധപ്പെട്ട് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രശേഖരന് കെപിസിസിയുടെ താക്കീത്. ചന്ദ്രശേഖരന് നടത്തിയത് ഗുരുതര ചട്ടലംഘനമാണെന്നും മേലില്‍ ആവര്‍ത്തിക്കരുതെന്നുമുള്ള താക്കീതാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് നല്‍കിയത്. ആശാ വര്‍ക്കര്‍മാരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ചന്ദ്രശേഖരന് സ്വീകരിച്ച നിലപാട് സര്‍ക്കാര്‍ അനുകൂലമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ആശമാരുടെ വേതനം വര്‍ധിപ്പിക്കുന്നതിനു കമ്മിറ്റിയെ നിയോഗിക്കാമെന്ന നിര്‍ദേശം ചര്‍ച്ചയില്‍ ആദ്യം മുന്നോട്ടുവച്ചത് ആര്. ചന്ദ്രശേഖരന് ആണെന്ന് ആശാ സമരസമിതി നേതാക്കള്‍ ആരോപിച്ചിരുന്നു. ചന്ദ്രശേഖരന്റെ നിര്‍ദേശത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അനുകൂലിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ നിലപാടിനു വിരുദ്ധമായ നിര്‍ദേശമാണ് ചന്ദ്രശേഖരന് ചര്‍ച്ചയില്‍ ഉന്നയിച്ചതെന്നും ഇതു ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് അറിയിച്ചു. ഉത്തരവാദിത്തപ്പെട്ട നേതാവ് എന്ന നിലയില്‍ പാര്‍ട്ടിയുടെ നിലപാടിനൊപ്പമാണ് ചന്ദ്രശേഖരന് നില്‍ക്കേണ്ടിയിരുന്നതെന്ന് സുധാകരന് വ്യക്തമാക്കി. എന്നാല്‍ താനല്ല ചര്‍ച്ചയില്‍ ഈ നിര്‍ദേശം വച്ചതെന്ന് ചന്ദ്രശേഖരന് കെപിസിസി പ്രസിഡന്റിനെ കണ്ട് വിശദീകരിച്ചിരുന്നു.
