January 15, 2026

മണൽനീക്കം തുടരുന്നു, സമീപപ്രദേശത്ത് വെള്ളപ്പൊക്കഭീഷണി; അഴൂരിലും വക്കത്തും വീടുകളിൽ വെള്ളം കയറി.

അഞ്ചുതെങ്ങ് മുതലപ്പൊഴി തുറമുഖത്ത് പൊഴിമുഖം മുറിക്കാൻ ഇനിയും നാലു ദിവസമെങ്കിലും വേണ്ടിവരും. സംയുക്തസമരസമിതി പ്രതിനിധികളും നിലവിൽ മണൽ നീക്കത്തിനു നേതൃത്വം നൽകുന്ന ഡ്രജർ അധികൃതരും ചേർന്നു പൊഴിമുഖം മുറിക്കാൻ ധാരണയായതിനു പിന്നാലെ നിലവിൽ അഴിമുഖത്തുള്ള നാലു എസ്കവേറ്ററുകളും രണ്ടു മണ്ണുമാന്തിയും രണ്ടാഴ്ച മുൻപു എത്തിച്ച ഡ്രജറുമാണ് മണൽ നീക്കുന്ന പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നത്. കണ്ണൂർ അഴീക്കലിൽനിന്നു പുറപ്പെട്ട ഡ്രജർ 28ന് ആകും എത്തുക.  പൊഴിമുഖ മുനമ്പിലേക്ക് ഡ്രജർ കയറ്റുന്നതിനു നിലവിൽ അഴിമുഖത്തു കൂന്നുകൂടിയിട്ടുള്ള മണൽത്തിട്ടകൾ മാറ്റുന്ന തിനായി രണ്ടു ലോങ് ബൂം എസ്കവേറ്ററുകൾ കൂടി സ്ഥലത്ത് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് തുറമുഖ വകുപ്പ് അധികൃതർ അറിയിച്ചു. താങ്ങുവല അസോസിയേഷന്റെ നേതൃത്വത്തിൽ പൊഴിമുഖ മുനമ്പിൽ നടത്തി വരുന്ന കുടിൽകെട്ടിയുള്ള സമരം തുടരുന്നു. 

പൊഴിമുഖം പൂർണമായി അടഞ്ഞുകിടക്കുന്നതുമൂലം കഴിഞ്ഞദിവസം രാത്രിയുണ്ടായ മഴയിൽ മുതലപ്പൊഴിക്ക് സമീപമുള്ള  കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, വക്കം, അഴൂർ, ചിറയിൻകീഴ് പഞ്ചായത്തുകളിലെ തീരപ്രദേശങ്ങളിൽ വെള്ളം ഉയർന്നു. അഞ്ചുതെങ്ങിൽ ഇറങ്ങുകടവ്, കേട്ടുപുര, പുത്തൻനട, ചുടുകാട്, ലക്ഷംവീട് മേഖലകളിൽ വെള്ളം കയറി. ഇവിടങ്ങളിൽ കൊതുകുശല്യവും വർധിച്ചു.അഴൂരിൽ ഏഴു വീടുകളിലും വക്കത്ത് മൂന്നു വീട്ടിലും അഞ്ചുതെങ്ങിൽ പതിനഞ്ചിലധികം വീടുകളിലും വെള്ളംകയറി. ഒട്ടേറെ വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലുമാണ്.

Leave a Reply

Your email address will not be published. Required fields are marked *