മൂന്നോളം യന്ത്രവൽകൃത ബോട്ടുകളുടെ സഹായത്തോടെ മുതലപ്പൊഴി അഴിമുഖം കടന്ന് ചന്ദ്രഗിരി ഡ്രജർ.
മണൽ നീക്കത്തിനായെത്തിയ ചന്ദ്രഗിരി ഡ്രജർ ഇന്നലെ ഉച്ചയോടെ മുതലപ്പൊഴി അഴിമുഖം കടന്നു. മൂന്നോളം യന്ത്രവൽകൃത ബോട്ടുകളുടെ സഹായത്തോടെയാണ് അഴിമുഖ മുനമ്പ് കടത്തി ഡ്രജറിനെ പൊഴിമുഖ ചാനലിൽ എത്തിച്ചത്. വേലിയേറ്റ സമയം കൂടി കണക്കിലെടുത്തു ഇന്നലെ രാവിലെ മുതൽ ഡ്രജർ യഥാസ്ഥാനത്തെത്തിക്കാൻ വലിയ പ്രയത്നമാണു നടത്തിയത്. ബോട്ടുകളിൽ കെട്ടിവലിച്ചു അഴിമുഖം വഴി ഡ്രജറിനെ പൊഴിക്കുള്ളിലേക്കു കയറ്റുന്നതിനിടയിൽ ബോട്ടിലുണ്ടായിരുന്ന പെരുമാതുറ സ്വദേശിയായ ഷെഹീറി(42)നു കാലിൽ കയർ കുരുങ്ങി കടലിലേക്കു തെറിച്ചുവീണു പരുക്കേറ്റു.
ഇയാളെ ഉടൻതന്നെ സ്ഥലത്തുണ്ടായിരുന്ന രക്ഷാപ്രവർത്തകർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. പരുക്കുകൾ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പൊഴിമുഖ ചാനലിൽ എത്തിച്ചിട്ടുള്ള ഡ്രജറിൽ പൈപ്പുകൾ ബന്ധിപ്പിക്കുന്നതിന് ക്രെയ്നുകളുടെ സഹായത്തോടെയുള്ള തുടർപ്രവർത്തനങ്ങൾ ആരംഭിച്ചു. ഡ്രജർ പൂർണതോതിൽ പ്രവർത്തനക്ഷമമാവാൻ നാലു ദിവസമെങ്കിലും വേണ്ടിവരുമെന്നാണു ബന്ധപ്പെട്ടവർ പറയുന്നത്. മണിക്കൂറിൽ 400ക്യൂബിക് മീറ്റർ മണൽ നീക്കം ചെയ്യുന്നതോടൊപ്പം 10മീറ്റർ താഴ്ചയിൽ അഴിമുഖചാനലിന്റെ ആഴം വർധിപ്പിക്കാനും ഈ ഡ്രജറിനു കഴിയും.
നീക്കം ചെയ്യുന്ന മണൽ എസ്കവേറ്ററുകളുടെ സഹായത്തോടെ തുറമുഖത്തിനടുത്തുള്ള താഴംപള്ളി തീരത്തു നിക്ഷേപിക്കാനാണു തീരുമാനം. മണൽപാളി കുന്നുകൂടിയതിനെത്തുടർന്ന് രണ്ടാഴ്ചയായി മത്സ്യബന്ധനം പൂർണമായി നിലച്ചിരുന്ന അഴിമുഖം ഇന്നലെ മുതൽ പൂർവസ്ഥിതിയിലേക്കു മടങ്ങി. പൊഴിമുഖം അടഞ്ഞതുമൂലം അഞ്ചുതെങ്ങ് കായലിൽ കുടുങ്ങിക്കിടന്ന യന്ത്രവൽകൃത ബോട്ടുകളടക്കം ഭൂരിഭാഗവും കഴിഞ്ഞ ദിവസം പുലർച്ചെയോടെ മീൻപിടിക്കുന്നതിനു പുറംകടലിലേക്കിറക്കി.
