തിരുവനന്തപുരം∙ റജിസ്ട്രാറുടെ സസ്പെൻഷനെച്ചൊല്ലി കേരള സർവകലാശാലയിലുണ്ടായ വിവാദത്തിൽ വെട്ടിലായി വിദ്യാർഥികൾ. രണ്ടാഴ്ചയിലധികമായി വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ എത്താത്തതും ഫയലുകൾ ഏതു റജിസ്ട്രാർക്ക് അയയ്ക്കണമെന്ന ആശയക്കുഴപ്പം നിലനിൽക്കുന്നതും മൂലം ബിരുദ സർട്ടിഫിക്കറ്റുകൾ ഒപ്പിടുന്നില്ല.
തുല്യതാ സർട്ടിഫിക്കറ്റ് അടക്കം വിദ്യാർഥികളുടെ പ്രവേശനത്തെ ബാധിക്കുന്ന സർട്ടിഫിക്കറ്റുകളിൽ തീരുമാനമെടുക്കുന്നതും മുടങ്ങി. പ്രതിസന്ധി ചർച്ച ചെയ്യാൻ സിൻഡിക്കറ്റ് യോഗം വിളിക്കണമെന്ന് ഇടതുപക്ഷ പ്രതിനിധികൾ ആവശ്യപ്പെട്ടെങ്കിലും വി.സി നിരസിച്ചു. ഇന്നലെ ഗവർണറും വി.സിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലും പ്രശ്നപരിഹാരത്തിനു നിർദേശങ്ങളൊന്നുമില്ല.
വി.സി നേരിട്ടെത്തി ഒപ്പിടേണ്ട രണ്ടായിരത്തോളം ബിരുദസർട്ടിഫിക്കറ്റുകൾ ഉണ്ടെന്നാണ് ഇടതുപക്ഷത്തിന്റെ വാദം. സിസ തോമസ് താൽക്കാലിക വി.സിയായിരുന്ന ഒരാഴ്ച ബിരുദ സർട്ടിഫിക്കറ്റുകൾ ഒപ്പിട്ടിരുന്നില്ല. നാനൂറോളം സർട്ടിഫിക്കറ്റുകൾ മാത്രമേയുള്ളൂവെന്നും തനിക്കു സർവകലാശാലയിൽ പ്രവേശിക്കാവുന്ന സാഹചര്യം വന്നാൽ ഒറ്റ ദിവസംകൊണ്ട് ഒപ്പിടാമെന്നും ഡോ.മോഹനൻ കുന്നുമ്മൽ പറയുന്നു.
വി.സി സസ്പെൻഡ് ചെയ്ത ഡോ.കെ.എസ്.അനിൽകുമാറും പകരം ചാർജ് ലഭിച്ച മിനി കാപ്പനും റജിസ്ട്രാറുടെ ചുമതലയിൽ തുടരുകയാണ്. ഫയലുകൾ മിനി കാപ്പനിലേക്ക് എത്തുന്നില്ല. അനിൽകുമാർ വഴിയെത്തുന്ന ഫയലുകൾ, മിനി കാപ്പൻ വഴി അയയ്ക്കാൻ ആവശ്യപ്പെട്ടു വിസി തിരിച്ചയയ്ക്കുകയും ചെയ്യുന്നു.
ഒരു പക്ഷത്തുമില്ലാത്ത സർവകലാശാലാ ഉദ്യോഗസ്ഥരും ഈ രാഷ്ട്രീയക്കളിയിൽ നിസ്സഹായരാണ്. വി.സി എത്തുന്നില്ലെന്നാണ് ഇടതുപക്ഷത്തിന്റെ ആരോപണമെങ്കിൽ, തന്നെ തടയാൻ ഒരുങ്ങിനിൽക്കുമ്പോൾ സംഘർഷമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണു വി.സിയുടെ നിലപാട്. ഇന്നലെയും സർവകലാശാലാ ആസ്ഥാനത്ത് എസ്എഫ്ഐ പ്രതിഷേധമുണ്ടായിരുന്നു.
വിവിധ പരീക്ഷകളുടെ മാർക്ക് ലിസ്റ്റുകൾ, അഫിലിയേറ്റഡ് കോളജുകളിലെ അക്കാദമിക് കോഴ്സുകളുടെ അംഗീകാരത്തിനുള്ള ഫയലുകൾ, അധ്യാപകരുടെ കരിയർ അഡ്വാൻസ്മെന്റ് സ്കീം സംബന്ധിച്ച ഫയലുകൾ, അധിക പ്ലാൻ ഫണ്ട് അനുവദിക്കാനുള്ള ഫയലുകൾ തുടങ്ങിയവയിൽ വി.സിയുടെ ഒപ്പ് ആവശ്യമാണ്.
റജിസ്ട്രാറെ സസ്പെൻഡ് ചെയ്തെങ്കിലും വി.സി അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. സസ്പെൻഷൻ അംഗീകരിച്ച്, നടപടിക്രമം പാലിച്ച് കെ.എസ്.അനിൽകുമാർ അപേക്ഷ നൽകിയാൽ പരിശോധിക്കാമെന്നു വി.സി നിലപാട് മയപ്പെടുത്തി.
റജിസ്ട്രാറുടെ സസ്പെൻഷൻ പിൻവലിച്ച സിൻഡിക്കറ്റ് യോഗത്തിനു സാധുതയുണ്ടോയെന്ന് ഉചിതമായ ഫോറത്തിൽ തീരുമാനമെടുക്കട്ടെയെന്നായിരുന്നു കോടതി നിർദേശം. ഉചിതമായ ഫോറം ആരെന്നതിലും തർക്കം.
ഇതു ഗവർണറാണെന്നാണ് ഇടതുപക്ഷത്തിന്റെ വാദം. എന്നാൽ, ഈ ഫോറം താൻ തന്നെയാണെന്നും സിൻഡിക്കറ്റ് യോഗം അസാധുവാണെന്നാണു തന്റെ തീർപ്പെന്നും വി.സി പറയുന്നു. ഈ തീർപ്പിൽ പരാതിയുണ്ടെങ്കിൽ ഗവർണറെയോ കോടതിയെയോ സമീപിക്കട്ടെയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
