മുതലപ്പൊഴിയിൽ എത്തുന്ന സഞ്ചാരികൾക്കായി കോടികൾ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ സൗകര്യങ്ങൾ നശിക്കുന്നു. ഒരു വർഷം മുൻപ് പെരുമാതുറ മുതലപൊഴിയിൽ നിർമ്മാണം പൂർത്തിയാക്കിയ സൗകര്യങ്ങളാണ് സഞ്ചാരികൾക്കായി തുറന്നു നൽകാതെ നശിക്കുന്നത്. വിനോദ സഞ്ചാരികൾക്കായി അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് 2020 ഓക്ടോബറിലാണ് പെരുമാതുറ ബീച്ച് വികസന പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചത്. മൂന്ന് കോടി രൂപ ചെലവിൽ കുട്ടികൾക്കുള്ള കളിസ്ഥലം, കഫ്‌ത്തീരിയ, ഓപ്പൺ ഓഡിറ്റോറിയം, ടിക്കറ്റ് കൗണ്ടർ, ഇരിപ്പിടങ്ങൾ, ശൗചാലയങ്ങൾ തുടങ്ങിയവയുടെ നിർമാണമാണ് പൂർത്തിയാക്കിത്. ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ മേൽനോട്ടത്തിൽ ഡീക്കൺസ് സൊസൈറ്റിക്കായിരുന്നു നിർമാണ ച്ചുമതല. നിർമ്മാണം പൂർത്തിയാക്കി ഒരു വർഷം കഴിഞ്ഞിട്ടും കുടിവെള്ള സൗകര്യം ഒരുക്കാത്തതും പഞ്ചായത്തിൽ നിന്നും കെട്ടിട നമ്പർ ലഭിക്കാത്തതുമാണ് ഉദ്ഘാടനത്തിന് തടസമായാത്.ഇതോടെ ഇവിടം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറി,നിർമ്മാണം പൂർത്തിയാക്കിയ ചുറ്റുമതിലിലെ ഗേറ്റും, ചെറിയ കടമുറികളുടെ കതകുകളും, ഇലക്ട്രിക് വയറുകൾ ഉൾപ്പെടെയുള്ളവ നശിച്ചു, ഹാർബർ വകുപ്പ് അറ്റകുറ്റപണി പൂർത്തിയാക്കി കൈമാറിയാൽ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് അടിസ്ഥാന സൗകര്യങ്ങൾ ഏറ്റെടുക്കാൻ തയ്യാറാണെന്ന് അറിയിച്ചെങ്കിലും ഇതിനും തീരുമാനിമായില്ല.അസ്തമയം കാണാനും മുതലപ്പൊഴിയിലെ മറ്റ് കാഴ്ചകൾ കാണാനുമായി ആയിരക്കണക്കിന് സഞ്ചാരികളാണ് മുതലപ്പൊഴിയിലെത്തുന്നത്. അടിസ്ഥാന സൗകര്യങ്ങൾ എത്രയും വേഗം സഞ്ചാരികൾക്കായി തുറന്നു നൽകണമെന്ന ആവശ്യം ശക്തമാണ്..
