വർക്കല. യുവതി പൊലീസ് പിടിയിൽ. അയിരൂർ കൊച്ചുപാരിപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന ചിഞ്ചുവിനെയാണ് റൂറൽ ഡാൻസാഫ് സംഘം വീട് വളഞ്ഞ് കഞ്ചാവുമായി പിടികൂടിയത്. യുവതിയുടെ ആൺ സുഹൃത്ത് 26 കിലോ കഞ്ചാവ് കടത്തിയ കേസിൽ കോയമ്പത്തൂർ ജയിലിലാണ്.
അയിരൂർ കൊച്ചുപാരിപ്പള്ളിമുക്കിൽ 1 വർഷമായി വാടകയ്ക്ക് താമസിച്ചാണ് ചിഞ്ചു കഞ്ചാവ് ഇടപാടുകൾ നടത്തുന്നത്. റൂറൽ ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് വീട് വളയുകയായിരുന്നു. പരിശോധനയിൽ അഞ്ച് കിലോയിലേറെ കഞ്ചാവും കഞ്ചാവ് ഇടപാടിലൂടെ ലഭിച്ച 12,000 രൂപയും പൊലീസ് കണ്ടെടുത്തു. കിടപ്പുമുറിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
