തിരുവനന്തപുരം : മണക്കാട് കല്ലാട്ടുമുക്ക് കല്ലാട്ട് നഗറിൽ കെഎസ്ഇബി സ്ഥാപിക്കുന്ന ട്രാൻസ്ഫോമറിന്റെ പണി ഇഴഞ്ഞുനീങ്ങാൻ തുടങ്ങിയിട്ട് ഒരു വർഷമാകുന്നു. ഒരുമാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പറഞ്ഞ ട്രാൻസ്ഫോമറിന്റെ പണി നാലു തൂണുകളിൽ ഒതുങ്ങി.
കല്ലാട്ടുമുക്ക്, യൂണിവേഴ്സിറ്റി ലെയ്ൻ, കണ്ണറവിളാകം, അബ്ബാസ് സേട്ട് ലെയ്ൻ, പൂങ്കുളം പ്രദേശങ്ങളിലെ രൂക്ഷമായ വൈദ്യുതിക്ഷാമത്തിന് പരിഹാരമായിട്ടാണ് 2024-ൽ കല്ലാട്ട് നഗർ രജത ജൂബിലി സ്ക്വയർ ഭാഗത്ത് ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതിന് അനുമതി തേടിയത്.
തുടർന്ന് 2025 ഏപ്രിൽ നാലിന് സ്ഥലത്ത് നാല് തൂണുകളും സ്ഥാപിച്ചു. കുഴിയെടുത്തതിന്റെ മണ്ണ് കൂട്ടിയിട്ടത് റോഡിനു സമീപം ഇപ്പോൾ മൺതിട്ടയായിരിക്കുകയാണ്.
ഇതിനിടെ കല്ലാട്ടുമുക്ക് പള്ളിമുതൽ കൊഞ്ചിറവിള യുപി സ്കൂളിലേക്ക് പോകുന്ന റോഡിൽ കേബിൾ സ്ഥാപിക്കുന്ന പണികൾ നടത്തിയതോടെ റോഡ് കുണ്ടുംകുഴിയുമായി. യാത്രാദുരിതം തുടങ്ങിയതോടെ നിരവധി തവണ കെഎസ്ഇബിക്കും കോർപ്പറേഷനിലും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.
ഈ റോഡിൽ വാഹനയാത്രക്ക് ബുദ്ധിമുട്ടുകയാണ് ജനങ്ങൾ. റോഡിലെ പൊടിപടലം കാരണം ജനങ്ങൾ ദുരിതത്തിലായിരിക്കുകയാണ്. പ്രശ്നം കെഎസ്ഇബി ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തിരുന്നുവെന്നും പണികൾ ഉടൻ പൂർത്തിയാക്കുമെന്നും കൗൺസിലർ റസിയ ബീഗം അറിയിച്ചു. ട്രാൻസ്ഫോമറിന്റെ നിർമാണ പ്രവർത്തികൾ പൂർത്തിയായാൽ ഉടൻ റോഡ് നവീകരണം ആരംഭിക്കുമെന്നും കൗൺസിലർ പറഞ്ഞു. ട്രാൻസ്ഫോമറിനായി സ്ഥാപിച്ച തൂണുകളുടെ അളവുകളുടെ അശാസ്ത്രീയത മൂലമാണ് പണികൾ മുടങ്ങിയത്. പണികൾ ഉടൻ പുനരാരംഭിക്കുമെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു.
