കാട്ടാക്കട : പ്രതിയെ പിടികൂടുന്നതിനിടെ കത്തിയുമായി ആക്രമിച്ചു പോലീസിനൊപ്പമുണ്ടായിരുന്ന ഹോംഗാർഡിന് പരിക്കേറ്റു. കാട്ടാക്കട പോലീസ് സ്റ്റേഷനിലെ ഹോംഗാർഡ് ബോസി (46)നാണ് കൈവിരലിന് കത്തികൊണ്ട് മുറിവേറ്റത്.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെ കാട്ടാക്കട കഞ്ചിയൂർക്കോണം പൊറ്റവിളയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മനോഹരനെ പിടികൂടുന്നതിനിടെയാണ് പരിക്കേറ്റത്.
പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലത്തെത്തിയ ബോസ്, മനോഹരനെ അനുനയിപ്പിച്ച് ജീപ്പിനടുത്തേയ്ക്ക് കൊണ്ടുപോകുന്നതിനിടെ ഇയാൾ പ്രകോപിതനായി കൈവശം ഉണ്ടായിരുന്ന കത്തിയെടുത്ത് വീശിയപ്പോൾ ഇടതു കൈയിലെ ചൂണ്ടുവിരലിൽ സാരമായി മുറിവേറ്റു. ഒപ്പമുണ്ടായിരുന്ന എഎസ്ഐ അലോഷ്യസിനെ ഇയാൾ തള്ളിവീഴ്ത്തുകയും ചെയ്തു. മനോഹരൻ പോലീസ് കസ്റ്റഡിയിലാണ്.
