കാട്ടാക്കട : മത്സ്യക്കച്ചവടത്തിനായി പണിത കെട്ടിടം നോക്കുകുത്തിയായി കിടക്കുമ്പോൾ മാലിന്യമൊഴുന്നിടത്ത് കച്ചവടം നടത്തേണ്ട ഗതികേട്.
വെള്ളവും, വെളിച്ചവുമില്ല, കാടുകയറിയ പരിസരം. ദിവസവും നൂറുകണക്കിനുപേരെത്തുന്ന കാട്ടാക്കടയുടെ പ്രധാന വാണിജ്യകേന്ദ്രമായ പൂവച്ചൽ ഗ്രാമപ്പഞ്ചായത്തിന്റെ ‘കാട്ടാക്കട ചന്ത’ യിലാണ് ഈ അവസ്ഥ.
ജില്ലാപ്പഞ്ചായത്തിന്റെ 15 ലക്ഷം രൂപ വിനിയോഗിച്ചാണ് ഷെഡ് പൂർത്തിയാക്കിയത്. ഇതിന്റെ ഉൾഭാഗം കോൺക്രീറ്റ് ചെയ്ത് തറയോടുപാകി നവീകരിക്കുന്ന പ്രവൃത്തികൾക്ക് 10 ലക്ഷം രൂപയും പിന്നാലെ അനുവദിച്ചു. എന്നാൽ, കെട്ടിടം പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയിട്ടും മത്സ്യക്കച്ചവടം ഇവിടേക്കു മാറ്റാൻ ഒരു നടപടിയും ഉണ്ടായിട്ടില്ല. മാലിന്യംനിറഞ്ഞ് ഈച്ചകളുടെയും പുഴുക്കളുടെയും കേന്ദ്രമായി മാറിയ ഭാഗത്താണ് ഇപ്പോഴും കച്ചവടം.
ദുർഗന്ധം കാരണം നിൽക്കാൻ കഴിയാത്ത ഇവിടെ തെരുവുനായകളും വിഹരിക്കുന്നു. മലിനജലത്തിലൂടെ നടന്നുമാത്രമേ ഇവിടെ വാങ്ങാനെത്തുന്നവർക്കും കച്ചവടക്കാർക്കും എത്താനാകൂ. ചെറിയൊരു മഴപെയ്താൽ ഇവിടെ നിൽക്കാനാവില്ല. ഒരിക്കൽ ചന്തയിൽവന്നാൽ പിന്നീട് ഇവിടേക്കുവരാൻ മടിക്കുന്ന സ്ഥിതിയാണ്. ചന്തയുടെ പൊതുസ്ഥിതിയുടെ ഒരു കാഴ്ചയാണ് മത്സ്യച്ചന്ത. അടിസ്ഥാനസൗകര്യങ്ങൾ ഉൾപ്പെടെ ഇല്ലാത്തതിനാൽ കച്ചവടക്കാർ ചന്തയെ കൈയൊഴിയുന്ന സ്ഥിതിയാണ്.
കാട്ടാക്കട താലൂക്കിലെ ഏറ്റവും വലുതും 200 വർഷത്തോളം പഴക്കമുള്ളതുമാണ് കാട്ടാക്കട ചന്ത. പൊതുശൗചാലയം പൂട്ടിയിട്ടിരിക്കുന്നു. വെള്ളവും, വെളിച്ചവും, നിലവാരമുള്ള കെട്ടിടങ്ങളുൾപ്പെടെ ഒരു ചന്തയ്ക്കുവേണ്ട അടിസ്ഥാനസൗകര്യങ്ങൾ ഇപ്പോഴും ചന്തയ്ക്ക് അന്യമാണ്.
അടിഞ്ഞുകൂടുന്ന ടൺകണക്കിന് മാലിന്യങ്ങൾ നീക്കംചെയ്യാനോ സംസ്കരിക്കാനോ ഇപ്പോഴും കഴിയുന്നില്ല. ചന്തയ്ക്കുള്ളിൽ മാലിന്യസംസ്കരണത്തിന് സ്ഥിരം സംവിധാനമൊരുക്കാൻ പല പദ്ധതികളും നടപ്പാക്കുകയും, പുതിയവ ആസൂത്രണം ചെയ്തെങ്കിലും ഒന്നും ലക്ഷ്യംകണ്ടിട്ടില്ല.
രണ്ടേക്കറോളം ഭൂമിയാണ് ചന്തയ്ക്കുള്ളത്. ഇതിൽ പകുതിയിലേറെ ഇപ്പോൾ കാടുകയറിക്കിടക്കുന്നു. കൈവശമുള്ള ഭൂമി ഉപയോഗപ്പെടുത്താൻ ആസൂത്രിതമായ പദ്ധതിയില്ലാത്തതാണ് ചന്തയുടെ ശോചനീയാവസ്ഥയ്ക്കു കാരണം.
