പാറശ്ശാല : പാറശ്ശാല ഗ്രാമപ്പഞ്ചായത്തിൽ കുടുംബശ്രീക്കുകീഴിൽ ലക്ഷങ്ങൾ മുടക്കി പ്രവർത്തനം ആരംഭിച്ച പേപ്പർബാഗ് യൂണിറ്റും പ്രവർത്തനം നിലച്ചിട്ട് കാലങ്ങളാകുന്നു. പേപ്പർനിർമാണ യൂണിറ്റിലേക്ക് എട്ടരലക്ഷത്തോളം രൂപ മുടക്കി വാങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കാതെ നശിക്കുന്നു.
പ്ലാസ്റ്റിക് കവറുകൾക്കു സംസ്ഥാനത്ത് നിരോധനം ഏർപ്പെടുത്തിയതിനു പിന്നാലെയാണ് പാറശ്ശാല ഗ്രാമപ്പഞ്ചായത്തിൽ കുടുംബശ്രീക്കു കീഴിൽ പേപ്പർബാഗ് നിർമാണ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചത്.
2022 ജൂലായ് മാസത്തിൽ പ്രവർത്തനം ആരംഭിച്ച പേപ്പർബാഗ് യൂണിറ്റ് പ്രവർത്തിച്ചത് മാസങ്ങൾ മാത്രമാണ്. പഞ്ചായത്ത് മേഖലയിലെ വ്യാപാരസ്ഥാപനങ്ങളിൽമാത്രം പേപ്പർബാഗുകളുടെ വിതരണം നടത്തിയാൽപ്പോലും ലക്ഷങ്ങളുടെ വരുമാനം ലഭിക്കുമായിരുന്ന യൂണിറ്റിന് 2022 മുതൽ 2024 വരെയുള്ള സാമ്പത്തികവർഷത്തിൽ ആകെ ലഭിച്ച വരുമാനം 21150 രൂപ മാത്രം.
2021-22 സാമ്പത്തികവർഷത്തിൽ കുടുംബശ്രീ എസ്സിപി ഫണ്ടിൽനിന്ന് 6.35 ലക്ഷം രൂപയാണ് ആദ്യഘട്ടത്തിൽ പേപ്പർ നിർമാണ യൂണിറ്റിനായി അനുവദിച്ചത്. അടുത്ത സാമ്പത്തികവർഷം 2.5 ലക്ഷംകൂടി അനുവദിച്ചു. എന്നാൽ അനുവദിച്ച തുക പൂർണമായും യന്ത്രങ്ങൾ വാങ്ങുന്നതിനു വിനിയോഗിച്ചു. അംഗങ്ങളിൽനിന്ന് 50,000 രൂപ വീതം സമാഹരിച്ചാണ് പേപ്പർബാഗ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്.
ഒൻപതുലക്ഷം രൂപ വിനിയോഗിച്ച് ആരംഭിച്ച സ്ഥാപനത്തിൽനിന്നുള്ള ഒരുമാസത്തെ ശരാശരി വരുമാനം 306 രൂപ മാത്രമായതോടെ സ്ഥാപനത്തിന്റെ പ്രവർത്തനം പൂർണമായും നിലച്ചു. പേപ്പർബാഗ് യൂണിറ്റ് നിലച്ചതോടെ ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിക്കൂട്ടിയ ഉപകരണങ്ങൾ ഉപയോഗിക്കാതെ നശിക്കുകയാണ്.
പഞ്ചായത്ത് പ്രദേശത്തെ സർക്കാർ ആശുപത്രികൾക്കും മറ്റ് സർക്കാർ സ്ഥാപനങ്ങൾക്കുംമാത്രം പേപ്പർബാഗുകളും കവറുകളും നിർമിച്ചുനൽകിയാൽമാത്രം മാസംതോറും ലക്ഷങ്ങളുടെ വരുമാനം ലഭ്യമാകുമായിരുന്ന സ്ഥാപനമാണ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതമൂലം അടച്ചുപൂട്ടിയത്.
പേപ്പർബാഗ് നിർമാണത്തിനുള്ള യന്ത്രങ്ങൾ വാങ്ങിയതിന്റെ ബില്ലുകൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോൾ ഇൻവോയിസ് ബില്ല് ലഭ്യമല്ലെന്നാണ് മറുപടി ലഭിച്ചത്. പകരം പെർഫോമ ഇൻവോയിസാണ് നൽകിയത്. സർക്കാർ പണം വിനിയോഗിച്ചു വാങ്ങിയ ഉത്പന്നങ്ങളുടെ ഇൻവോയിസ് ബില്ല് ലഭ്യമല്ലായെന്നു പറയുന്നതിൽ ദുരൂഹതയുണ്ട്.
സർക്കാർ സ്ഥാപനങ്ങളിലേക്ക് ക്വട്ടേഷൻ പ്രകാരം ഉത്പന്നങ്ങൾ വാങ്ങുമ്പോൾ ആദ്യ ഘട്ടത്തിൽ നൽകുന്നതാണ് പെർഫോമ ഇൻവോയിസ്. ഇതിനെ പർച്ചേയ്സ് ബില്ലായി കണക്കാക്കാറില്ല.
സാധനങ്ങൾ വിതരണം ചെയ്യുന്നതിനോടൊപ്പമാണ് ഇൻവോയിസ് ബില്ല് സ്ഥാപനത്തിലേക്കു നൽകുന്നത്. ഈ ബില്ല് പ്രകാരമാണ് പണം കൈമാറ്റം ചെയ്യപ്പെടുന്നത്. എന്നാൽ ഇവിടെ ഇൻവോയിസ് ബില്ല് ലഭ്യമല്ലായെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
:പേപ്പർബാഗ് നിർമാണ യൂണിറ്റിലേക്കായി യന്ത്രങ്ങൾ വാങ്ങുന്നതിനായി തൈക്കാടുള്ള സ്വകാര്യസ്ഥാപനം പാറശ്ശാല ഗ്രാമപ്പഞ്ചായത്തിൽ നൽകിയ പെർഫോമ ഇൻവോയിസിൽ യന്ത്രങ്ങൾ സ്ഥാപിക്കുന്നതും ജീവനക്കാർക്കുള്ള പരിശീലനവും സൗജന്യമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, അതേ പെർഫോമയിൽത്തന്നെ ഇൻസ്റ്റലേഷനും മറ്റു ചെലവുകൾക്കുമായി നാൽപ്പതിനായിരം രൂപയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പരിശീലനവും സൗജന്യമെന്ന് രേഖപ്പെടുത്തിയിട്ട് ഇതിനായി 5000 രൂപ നൽകിയതായി മറുപടിയിൽ പറയുന്നു.
