
അമ്മയും മക്കളും സഞ്ചരിച്ച ഇരു ചക്ര വാഹനത്തിൽ കാറിടിച്ച് അമ്മക്ക് ദാരുണാന്ത്യം. രണ്ടു കുട്ടികൾക്കു പരിക്ക്.
സ്കൂട്ടർ യാത്രികയായ ആനാട് താഴേ പുനവക്കുന്ന് റോഡരികത്തു വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഹസീന (40) ആണ് മരിച്ചത്.
ഹസീനയുടെ മക്കളായ ഷംന (16), റംസാന (7) എന്നിവർക്ക് പരിക്കേറ്റു.
നെടുമങ്ങാടിന് സമീപം പഴകുറ്റിയിൽ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അപകടം.
മകൾ റംസാനയെ ആശുപത്രിയിൽ കാണിച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങും വഴി പെട്രോൾ പമ്പിൽനിന്ന് ഇന്ധനം നിറച്ചശേഷം റോഡിലേക്ക് പ്രവേശിക്കുമ്പോൾ പാലോട് ഭാഗത്തുനിന്ന് അമിത വേഗതയിലെത്തിയ കാർ ഇവരുടെ സ്കൂട്ടറിലിടിച്ചാണ് അപകടം.
ഇടിയുടെ ആഘാതത്തിൽ ഹസീനയും മക്കളും തെറിച്ചുവീഴുകയും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹസീനയുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മക്കളായ ഷംനയുടെയും റംസാനയുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഹസീനയുടെ ഭർത്താവ് ബാദുഷ വിദേശത്താണ്.

