മലയിൻകീഴ് : മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കത്തെത്തുടർന്ന് കാലിൽ കുത്തേറ്റ യുവാവ് ഒരു രാത്രി മുഴുവൻ ചോര വാർന്നു മരിച്ചു. ഒപ്പം മദ്യപിച്ച മൂന്നു പേർ പിടിയിൽ.ഓൾസെയിന്റ്സ് കോളജ് രാജീവ് നഗർ ഷംന മൻസിലിൽ ഷംനാദ് (33) ആണ് മരിച്ചത്. മലയിൻകീഴ് കരിപ്പൂര് ദുർഗാലെയ്ൻ അഭിവില്ലയിൽ ബിനു ബാബു (34), വഴയില ശാസ്താ നഗർ വിഷ്ണു വിഹാറിൽ മണിച്ചൻ എന്ന വിഷ്ണുരൂപ് (34), ഓൾ സെയിന്റ്സ് കോളജ് രാജീവ് നഗർ രജിത ഭവനിൽ കുക്കു എന്ന രജിത് (35) എന്നിവരെയാണ് മലയിൻകീഴ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. . വിഷ്ണുവാണ് ഷംനാദിനെ കുത്തിയതെന്നു പൊലീസ് പറഞ്ഞു. 2011ൽ നെടുമങ്ങാട് നടന്ന ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയാണ് വിഷ്ണു. തനിക്ക് വധഭീഷണി ഉണ്ടെന്നും അതിനാൽ കത്തി എപ്പോഴും കൊണ്ടു നടക്കാറുണ്ടെന്നും വിഷ്ണു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഞായറാഴ്ച രാത്രി ബിനുവിന്റെ മലയിൻകീഴിലുള്ള വീട്ടിൽ നാലു പേരും മദ്യപിക്കവെ തർക്കത്തിനിടെ ഷംനാദിനെ വിഷ്ണു കുത്തുകയായിരുന്നു. ഇടതു കാലിൽ മുട്ടിന്റെ മുകളിൽ ഗുരുതരമായി പരുക്കേറ്റ ഷംനാദിനെ ആശുപത്രിയിൽ കൊണ്ടു പോയില്ല. പിന്നാലെ വിഷ്ണുവും രജിത്തും വീട്ടിൽ നിന്ന് മുങ്ങി. മദ്യലഹരിയിൽ മയങ്ങി പോയ ബിനു രാവിലെ എണീറ്റപ്പോഴാണ് കിടപ്പുമുറിയിലെ കട്ടിലിൽ ഷംനാദ് മരിച്ചു കിടക്കുന്നത് കണ്ടത്.സംഭവം ബിനു തന്നെയാണ് പൊലീസിൽ അറിയിച്ചത്. ബോധം നഷ്ടപ്പെട്ടതിനാൽ ഷംനാദിന് മറ്റുള്ളവരുടെ സഹായം തേടാൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ മുറിവിൽ തുണി കൊണ്ടു കെട്ടാൻ സ്വയം ശ്രമിച്ചതിന്റെ ലക്ഷണങ്ങളുണ്ടെന്നും പൊലീസ് പറഞ്ഞു. ശരീരത്തിൽ വസ്ത്രം ഉണ്ടായിരുന്നില്ല. കട്ടിലിലും തറയിലും രക്തം തളംകെട്ടി കിടക്കുകയായിരുന്നു.
