കാട്ടാക്കട : കോടികൾ മുടക്കി പൂർത്തിയാക്കിയ മലയോര ഹൈവേയിലെ പ്രധാന ജംക്ഷനുകളിലെല്ലാം വെള്ളക്കെട്ട്. കള്ളിക്കാട്,കുറ്റിച്ചൽ ജംക്ഷനുകൾ ആദ്യ മഴയിൽ തന്നെ വെള്ളത്തിലായി.
ഓട നിർമാണത്തിലെ അപാകതയും ഓടയിലേക്ക് വെള്ളം ഇറങ്ങുന്നതിനുള്ള സംവിധാനം ഇല്ലാത്തതുമാണ് കാരണം . നടപ്പാതയിലെ ഇന്റർ ലോക്ക് പല സ്ഥലത്തും ഇളകി. ചിലയിടങ്ങളിൽ ഇന്റർ ലോക്ക് താണു. കുറ്റിച്ചൽ ജംക്ഷനിൽ വെള്ളക്കെട്ട് സ്ഥിരമാണ് . ഹൈവേ നിർമാണത്തിന്റെ ഭാഗമായി ജംക്ഷനിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് കരുതി. പക്ഷേ,ഓട നിർമിച്ച് നടപ്പാത ഇന്റർ ലോക്ക് ചെയ്ത ശേഷം ആദ്യം പെയ്ത മഴയിൽ തന്നെ ഓടയിലേക്ക് വെള്ളം പോകുന്നില്ലെന്ന് കണ്ടെത്തി. റോഡിന്റെ നിരപ്പിൽ നിന്നും കുത്തിയൊലിക്കുന്ന വെള്ളം ,കലുങ്ക് നിർമിച്ച് ഓടയിലേക്ക് ഒഴുക്കാതെ വെള്ളക്കെട്ട് മാറില്ലെന്ന നാട്ടുകാരുടെ അഭിപ്രായത്തിനു അധികൃതർ വിലകൊടുത്തില്ല. ഓട പണിത് സ്ലാബ് സ്ഥാപിച്ച് ഇതിനു മുകളിൽ ഇന്റർ ലോക്ക് പാകി നടപ്പാതയൊരുക്കി. ശേഷം മഴയിൽ ഇന്റർ ലോക്ക് പല സ്ഥലത്തും താണുപോയി, നടപ്പാത കുണ്ടും കുഴിയുമായി തീർന്നു.
