ആറ്റിങ്ങൽ: നഗരസഭ വാർഡ് 5 കരിച്ചയിൽ എസ്.എസ് നിവാസിൽ ശശി(62) ആണ് കൊവിഡ് ബാധിച്ച് മരണമടഞ്ഞത്. ഈ മാസം 1 ന് രോഗ ലക്ഷണം ഉണ്ടാകുകയും സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയും ആയിരുന്നു. തുടർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. രോഗം മൂർച്ചിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ശശിക്ക് മരണം സംഭവിച്ചു. ഹൃദ്രോഗി കൂടിയായ ഇയാൾ ഏപ്രിൽ 14 ന് ശ്രീ ചിത്രയിൽ വെരിക്കോസ് വെയിനിന്റെ ശസ്ത്രക്രിയ നടത്തി വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്നു. ഇവിടെ നിന്ന് സമ്പർക്കത്തിലൂടെയാവാം ഇയാൾക്ക് രോഗം ലഭിച്ചത്.
ബന്ധുക്കൾ മരണ വിവരം അറിയിച്ചതിനെ തുടർന്ന് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി മോർച്ചറിയിൽ നേരിട്ടെത്തി മൃതശരീരം ഏറ്റുവാങ്ങി. ചെയർപേഴ്സന്റെ നിർദ്ദേശ പ്രകാരം ഡി.വൈ.എഫ്.ഐ വോളന്റിയർമാർ മൃതദേഹം നഗരസഭ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.
നഗരത്തിൽ സംഭവിക്കുന്ന 28ാം കൊവിഡ് മരണമാണിത്. പ്രതിദിനം രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനോടൊപ്പം മരണ നിരക്കും ഉയരുന്നു. നഗരവാസികൾ അതിവ ജാഗ്രത പുലർത്തണമെന്നും ചെയർപേഴ്സൺ അറിയിച്ചു.
