തലസ്ഥാന ജില്ലയിൽ കടലാക്രമണം രൂക്ഷമായി തുടരുന്നു.ജില്ലയിലെ പൊഴിയൂർ, പരിത്തിയൂർ, സൗത്ത് കൊല്ലംകോട് ,മുതലപ്പൊഴി, അഞ്ചുതെങ്ങ് പ്രദേശങ്ങൾ കടലെടുത്തു. കടലാക്രമണത്തിൽ വൻ നഷ്ടമാണ് ഉണ്ടാകുന്നത്.

രാവിലയോടെ തുടങ്ങിയ കടലാക്രമണം അഞ്ചുതെങ്ങ് തീരപ്രദേശത്ത് ഇപ്പോഴും തുടരുകയാണ്.കടൽ അക്രമണത്തെ തുടർന്ന് പ്രദേശത്തെ നൂറോളം വീടുകളിൽ വെള്ളം കയറി. നിരവധി വീടുകൾ തകർന്നിട്ടുണ്ട്.നിലവിൽ 2 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്.

കടലാക്രമണം ശക്തമായതോടെ പെരുമാതുറ മുതൽ അഞ്ചുതെങ്ങ് വരെയുള്ള തീരദേശ റോഡ് അടച്ചു. സ്ഥലം എം.എൽ.എയായ വി ശശി നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ക്യാമ്പുകളിൽ 60 ഓളം പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.അഞ്ചുതെങ്ങിന് പുറമെ പൊഴിയൂർ, പരിത്തിയൂർ, സൗത്ത് കൊല്ലംകോട് ,വിഴിഞ്ഞം, ശംഖുമുഖം തുടങ്ങിയ പ്രദേശങ്ങളിലും കടലാക്രമണം ശക്തമാണ്.റോഡിലേക്ക് കടൽ ഒഴുകുന്ന കാഴ്ചയാണ് പലയിടത്തും കാണാനാവുന്നത്.
ശംഖമുഖത്ത് മുൻപ് കടലാക്രമണത്തെ തുടർന്ന് തകർന്ന റോഡ് പുനർനിർമ്മിക്കുന്ന പ്രവർത്തികൾ നടന്നുവരുകയായിരുന്നു.അതും തകർത്ത് കടൽ കയറുകയാണ്.
മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയതിനാൽ മത്സ്യതൊഴിലാളികൾ ആരും തന്നെ കടലിൽ പോയിട്ടില്ലെന്നത് ആശ്വാസമാണ്.കടൽ ആക്രമണത്തിനൊപ്പം ശക്തമായ മഴയും കാറ്റും ജില്ലയിൽ തുടരുകയാണ്. തദ്ദേശസ്ഥാപനങ്ങൾ,റവന്യൂ,പോലീസ്, എന്നിവർ ഏകോപിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
