14–ാം നിയമസഭ ഗവർണർ പിരിച്ചുവിട്ടു. ഇപ്പോഴത്തെ മന്ത്രിസഭയ്ക്കു കാവൽ മന്ത്രിസഭയായി തുടരാം . പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നതു വരെയാണ് ഈ കാവൽ മന്ത്രിസഭയ്ക്ക് ഉള്ള അനുമതി
പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 18നു ശേഷമേ നടക്കുകയുള്ളൂ. സിപിഎം, എൽഡിഎഫ് യോഗങ്ങൾ പൂർത്തിയാക്കി മന്ത്രിമാരെ തീരുമാനിക്കുമ്പോൾ 18 കഴിയും. 20നു സത്യപ്രതിജ്ഞ നടന്നേക്കുമെന്ന പ്രതീക്ഷയിലാണ് തയാറെടുപ്പുകൾ പുരോഗമിക്കുന്നത്.
നിയമസഭ പിരിച്ചു വിട്ടെങ്കിലും സ്പീക്കർക്കു പുതിയ നിയമസഭ ചേരുന്നതിന്റെ തലേന്നു വരെ പദവിയിൽ തുടരാം.അതേസമയം, പ്രതിപക്ഷ നേതാവ്, ഡപ്യൂട്ടി സ്പീക്കർ, ഗവ.ചീഫ് വിപ്പ് എന്നിവരുടെ സ്ഥാനങ്ങൾ തിങ്കളാഴ്ച മുതൽ ഇല്ലാതായി. 14–ാം സഭയിലെ അംഗങ്ങൾ ജനപ്രതിനിധികൾ അല്ലാതായി.
15–ാം നിയമസഭ എന്നു ചേരണമെന്ന് അടുത്ത മന്ത്രിസഭയാണു തീരുമാനിക്കേണ്ടത്. പുതിയ നിയമസഭാംഗങ്ങൾക്കു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കേണ്ട പ്രോട്ടെം സ്പീക്കറെയും മന്ത്രിസഭ തീരുമാനിക്കും. ഗവർണറോ അദ്ദേഹം നിയോഗിക്കുന്ന ആളോ പുതിയ എംഎൽഎമാരെ സത്യപ്രതിജ്ഞ ചെയ്യിക്കും. അതിനു മുൻപ് പ്രോട്ടെം സ്പീക്കർ ഗവർണറുടെ മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎ സ്ഥാനം ഏറ്റെടുക്കും. പുതിയ നിയമസഭയിലെ മുതിർന്ന അംഗത്തെയാണു പ്രോട്ടെം സ്പീക്കറാക്കുക.
