തിരുവനന്തപുരം : രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് നടക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പ്രത്യേക വേദിയിലാണ് ചടങ്ങ് നടക്കുന്നത്. ക്ഷേമ പെന്ഷന് വര്‍ധനവ് അടക്കമുള്ള ജനകീയ പ്രഖ്യാപനങ്ങള്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായേക്കും. അതേ സമയം സത്യപ്രതിജ്ഞാ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കില്ലെന്നാണ് പ്രതിപക്ഷ നിലപാട് .
വൈകിട്ട് 3.30ന് തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ആ ചരിത്ര മൂഹൂര്‍ത്തം നടക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് 500ഓളം പേരെ ക്ഷണിച്ചിട്ടുണ്ടെങ്കിലും ലോക്ക് ഡൌണ്‍ നിലനില്‍ക്കുന്നത് കൊണ്ട് എല്ലാവരും എത്തിച്ചേരാന്‍ സാധ്യതയില്ല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി പിണറായി വിജയന് ആദ്യം സത്യവാചകം ചൊല്ലിക്കൊടുക്കും. തുടര്‍ന്ന് മറ്റ് 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ഇടത് മുന്നണിയുടെ എംഎല്‍എമാര്‍, മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍, കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങള്‍, ക്ഷണിക്കപ്പെട്ട മറ്റ് അതിഥികള്‍ തുടങ്ങിയവര്‍ മാത്രമേ ഉണ്ടാകൂ.
