അഞ്ചുതെങ്ങ് ആറാം വാർഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കലുങ്കുകളിലെ തടസ്സം നീക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യം.
അമ്മൻകോവിൽ, പുത്തൻനട, നാഗരുകാവ്, പാണന്റെ തൊടി, വൈകുണ്ഠം തുടങ്ങിയ പ്രദേശങ്ങളിൽ പെയ്യുന്ന മഴവെള്ളം ചാലുകൾ വഴി ഒലിച്ചു പുത്തൻനട തോട്ടിൽ എത്തി അവിടെനിന്ന് ഒഴുകി മടവാപ്പാലം വഴി മീരാൻകടവ് കായലിലാണ് എത്തുന്നത്. കലുങ്കുകളും ചാലുകളും അടഞ്ഞുകിടക്കുന്നതുകാരണം മഴയായാൽ ഈ പ്രദേശത്ത് വെള്ളക്കെട്ടാണ്. പിള്ളയ്ക്കവിളാകം, വാടയിൽ, മാമൂട്, കുന്നുംപുറം ഈ പ്രദേശങ്ങളിലെ മഴവെള്ളവും ഒഴുകി പുത്തൻമണ്ണ് വഴിയാണ് കായലിൽ എത്തുന്നത്. ഇവിടത്തെ കലുങ്കും അടഞ്ഞുകിടക്കുകയാണ്.
ഇവിടെയും ഏതുസമയത്തും വീടുകൾക്ക് ഉള്ളിലേക്ക് വെള്ളം കയറി അപകടങ്ങൾ ഉണ്ടാകുന്ന അവസ്ഥയിലാണ്. ഈ കലുങ്ക് കുഴൽരൂപത്തിലാണ് നിർമിച്ചിരിക്കുന്നത്. കഴിഞ്ഞ ഓഗസ്ത് മാസത്തിൽ ഈ കലിങ്കുകൾ പുനർനിർമിക്കണം എന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്കും പരാതി നൽകിയിരുന്നു. കാലവർഷം കനക്കും മുന്നേ ഈ പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തരമായി പൊതുമരാമത്ത് വകുപ്പ് കലുങ്കുകൾ ശുചീകരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഗ്രാമപ്പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എസ്.പ്രവീൺചന്ദ്ര ആവശ്യപ്പെട്ടു.
