ആറ്റിങ്ങൽ: ആലംകോട് മത്സ്യ മൊത്തവ്യാപര ശാലക്ക് സമീപത്ത് നിന്നാണ് അനധികൃത കച്ചവടം നടത്തിയവരുടെ വാഹനവും മത്സ്യവും പിടിച്ചെടുത്തത്. സംസ്ഥാനത്ത് ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ പട്ടണത്തിലെ മത്സ്യ മാർക്കറ്റ് ആഴ്ചകളായി നഗരസഭ അടച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ചിലർ മാനദണ്ഡങ്ങൾ ലംഘിച്ച് കച്ചവടം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടു. നിരവധി തവണ നഗരസഭ ഹെൽത്ത് സ്ക്വാഡും പോലീസും ഇവരെ അനധികൃത കച്ചവടം നടത്തുന്നതിൽ നിന്ന് വിലക്കിയിരുന്നു. നീയമങ്ങൾ കാറ്റിൽ പറത്തി വീണ്ടും ഇവർ കച്ചവടം നടത്തുന്ന സാഹചര്യത്തിലാണ് നഗരസഭയും പോലീസും സംയുക്തമായി കച്ചവടക്കാരിൽ നിന്നും മത്സ്യം ഉൾപ്പെടെ വാഹനം പിടിച്ചെടുത്തത്.
കൂടാതെ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പ്രധാന റോഡുകളും നടപ്പാതകളും കൈയ്യേറിയുള്ള മത്സ്യം, പച്ചക്കറി, ഫലവർഗ്ഗങ്ങൾ അടക്കമുള്ള ചില്ലറ വ്യാപരശാലകളും സംഘം പരിശോധിച്ച് സാധനങ്ങൾ പിടിച്ചെടുത്തു. ഈ പ്രദേശങ്ങളിൽ കച്ചവടക്കാർ വലിച്ചെറിയുന്ന മാലിന്യങ്ങൾ കാരണം തെരുവ് നായ്ക്കളുടെ ശല്യം കൂടുന്നതായും നാട്ടുകാർ ആരോപിച്ചു. നാട് ഒരു പ്രതിസന്ധി ഘട്ടത്തെ നേരിടുമ്പോൾ പട്ടണത്തിന്റെ ആരോഗ്യ മേഖലക്ക് വെല്ലുവിളി ഉയർത്തുന്ന തരത്തിൽ കച്ചവടം നടത്തുന്നവർക്കെതിരെ കൊവിഡ് ചട്ട ലംഘനം ചുമത്തി പരമാവധി ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.
ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മനോജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.അഭിനന്ദ്, മുബാറക്ക് ഇസ്മായീൽ, പോലീസ് സബ്ഇൻസ്പെക്ടർ ജിബി എന്നിവരുടെ സംഘമാണ് പരിശോധനക്ക് നേതൃത്വം വഹിച്ചത്.
