രാജ്യത്ത് നിയന്ത്രിക്കാൻ കഴിയാത്ത രീതിയിൽ കുതിച്ചുയരുന്ന ഇന്ധന വിലവർദ്ധനവിനെതിരെ കേരളത്തിലെ സ്വകാര്യബസ്സുടമകൾ ശനിയാഴ്ച പ്രതിക്ഷേധ സമരം നടത്തുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇന്ധന നികുതി വെട്ടിക്കുറക്കുക എണ്ണക്കമ്പനികളുടെ കൊള്ള അവസാനിപ്പിക്കുക പൊതുഗതാഗതത്തെ സംരക്ഷിച്ചു നിലനിർത്തുക തുടങ്ങിയ ആവശ്യ ങ്ങൾ ഉന്നയിച്ചാണ് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ജൂൺ 12 ന് വൈകിട്ട് 4 ന് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുന്നത് . അനിശ്ചിതമായി , സർവ്വീസ് നടത്താൻ കഴിയാതെ നിർത്തിയിട്ടിരിക്കുന്ന തങ്ങളുടെ ബസ്സുകളുടെ മുന്നിൽ ആവശ്യങ്ങൾ രേഖപ്പെടുത്തിയ പ്ലക്കാർഡുകളുമായി നിൽപ്പു സമരം നടത്തിയാകും ബന്ധപ്പെട്ടവരെ പ്രതിക്ഷേധം അറിയിക്കുന്നത് ടാക്സ് പൂർണ്ണമായും ഒഴിവാക്കണം. ക്ഷേമനിധി ഒഴിവാക്കണം. രാമചന്ദ്രൻകമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കി ബസ്സ്ചാർജ് വർദ്ധന അതേപടി നടപ്പിലാക്കാനും. ഇപ്പോൾ ഒതുക്കിയിട്ടിരിക്കുന്ന ബസ്സുകൾ തുടർന്ന് ഓടിക്കണമെങ്കിൽ ഓരോ ബസ്സിനും മൂന്നു ലക്ഷത്തോളം രൂപയുടെ ചിലവുണ്ടാകും. ഇതിനായി സർക്കാർ തലത്തിൽ പാക്കേജുണ്ടാകണമെന്നും ബസ്സുടമകൾ ആവശ്യപ്പെടുന്നുണ്ട്. 2016 ൽ ഇടതു സർക്കാർ അധികാരത്തിലേറുമ്പോൾ ഡീസൽ വില 50 രൂപയിൽ താഴെയായിരുന്നു. ഇപ്പോഴത് 92 കഴിഞ്ഞിരിക്കുന്നു. 2016 ൽ ഒരു ലിറ്റർ ഡീസലിന് സംസ്ഥാന സർക്കാരിന് കിട്ടിയിരുന്ന നികുതി 8 രൂപയായിരുന്നത് ഇപ്പോൾ 17 രൂപയായി. ഇതിന്റെ ഇരട്ടിയോളമാണ് കേന്ദ്രസർക്കാരിന് നികുതിയായി കിട്ടുന്നത്. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നികുതികൾ അടിയന്തിരമായി വെട്ടിച്ചുരുക്കി ഡീസലിന്റെ വില കുറച്ചില്ലെങ്കിൽ സ്വകാര്യ ബസ്സ് സർവീസുകൾ നടത്തുവാൻ കഴിയാത്ത സ്ഥിതിയാകുമെന്ന് തിരുവനന്തപുരം ജില്ലാ പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്സ് അസ്സോസിയേഷൻ പ്രസിഡന്റ് ആർ കെ വി സന്തോഷ്, സെക്രട്ടറി ജനതസാബു , ട്രഷറർ എ കെ എം സമദ് എന്നിവർ അറിയിച്ചു
