ആറ്റിങ്ങൽ : നഗരസഭാ കൃഷിഭവന്റെ നേതൃത്വത്തിലാണ് വിള ഇൻഷുറൻസ് പദ്ധതി ആരംഭിച്ചത്. നഗരസഭാങ്കണത്തിൽ വച്ച് നടന്ന പരിപാടിയിൽ കൊടുമൺ ഏലായിലെ വിളകൾക്കുള്ള ഇൻഷുറൻസ് പ്രീമിയം നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി മുതിർന്ന കർഷകനും വൈസ് ചെയർമാനുമായ ജി.തുളസീധരൻ പിള്ളക്ക് കൈമാറി. കർഷകർ നടത്തുന്ന കൃഷിക്ക് പരിപൂർണ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വിള ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്. കൃഷി ചെയ്യുന്ന വിളയുടെ ഫോട്ടോ ഉൾപ്പടെ “AlMS Portal” എന്ന ഓൺലൈൻ സംവിധാനത്തിലൂടെ കർഷകന് അപേക്ഷിക്കാവുന്നതാണ്. ഒരോ ഇനം വിളകൾക്കും വ്യത്യസ്ഥ തുകയാണ് ഇൻഷുറൻസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഇൻഷുറൻസ് ലഭ്യമാവേണ്ട വിളകൾക്കുള്ള തുച്ഛമായ ആദ്യ പ്രീമിയം തുക അപേക്ഷകൻ ഒടുക്കേണ്ടതാണ്. നഗത്തിലെ കാർഷിക മേഖലയെയും കർഷകരെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി ധനസഹായം ഉൾപ്പടെ നിരവധി പ്രവർത്തനങ്ങളാണ് നഗരസഭ നടപ്പിലാക്കുന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വിവിധയിനം നാണ്യവിളകൾ കൃഷി ചെയ്യാനും ഇടനിലക്കാരില്ലാതെ വിറ്റഴിക്കാനും പട്ടണത്തിലെ കർഷകർക്ക് സാധിക്കുന്നുണ്ടെന്നും ചെയർപേഴ്സൺ അറിയിച്ചു.
നഗരസഭാങ്കണത്തിൽ വച്ച് നടന്ന പരിപാടിയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അവനവഞ്ചേരി രാജു, ഗിരിജ ടീച്ചർ, കൗൺസിലർ ആർ.രാജു, സി.ഡി.എസ് ചെയർപേഴ്സൺ എ.റീജ, കൃഷി ഓഫീസർ വി.എൽ.പ്രഭ, കൃഷി അസിസ്റ്റൻഡ് ബിനി തുടങ്ങിയവർ പങ്കെടുത്തു.
