പാരിപള്ളി : വിൽപനക്കായി എത്തിച്ച മത്സ്യം റോഡരികിലെ അഴുക്ക് ചാലിൽ വലിച്ചെറിഞ്ഞ പോലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അഞ്ചുതെങ്ങ് സ്വദേശിയായ മേരി എന്ന വൃദ്ധയുടെ മത്സ്യവും പാത്രങ്ങളുമാണ് കോവിഡ് മാനദണ്ഡം പാലിച്ചില്ലെന്നാരോപ്പിച്ച് പാരിപ്പള്ളി പോലീസ് അഴുക്ക് ചാലിലേക്ക് വലിച്ചെറിഞ്ഞത്

പതിനാറായിരത്തോളം രൂപയുടെ മത്സ്യവുമായി വിൽപന നടത്തുന്നതിന് പാരിപള്ളിയിൽ എത്തിയതായിരുന്നു മേരി. റോഡരികിൽ ഇരുന്ന് വിൽപന നടത്തി വരവേ പ്രദേശം ഡി ക്യാറ്റഗറിയിലാണെന്നും ഇവിടെയിരുന്ന് മത്സ്യ വിൽപന നടത്താൻ പാടില്ലെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാരോപിച്ചുമാണ് മത്സ്യം പിടിച്ചെടുത്ത് വലിച്ചെറിയുകയായിരുന്നു.മത്സ്യം നശിപ്പിച്ച് കളയരുതെന്നും താൻ മറ്റൊരു സ്ഥലത്ത് കൊണ്ട് പോയി വിൽപന നടത്താമെന്ന് പറഞ്ഞിട്ടും ഇതൊന്നും കേൾക്കാൻ പോലീസ് തയ്യാറായില്ലെന്നും മേരി പറയുന്നു.

വിൽപന നടത്താൻ എത്തിച്ച മത്സ്യത്തിൽ നിനും അഞ്ഞൂറോളം രൂപയ്ക്ക് മാത്രമാണ് കച്ചവടം നടന്നിരുന്നത്. രോഗ ബാധിതനായ ഭർത്താവ് ഉൾപ്പെടെ ആറോളം പേരുടെ അന്നമാണ് പോലീസ് നിഷ്കരുണം തട്ടിത്തെറുപ്പിച്ച് കൊടും ക്രൂരത കാട്ടിയത്..
