തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യസുരക്ഷാ സ്ഥാപനമായ വെഞ്ഞാറമ്മൂട് ശ്രദ്ധ കെയര്‍ ഹോം പുനരധിവാസ കേന്ദ്രത്തിലെ അംഗങ്ങളില്‍ പൂര്‍ണമായും രോഗമുക്തി നേടി സാമൂഹിക ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ പ്രാപ്തരായ ആറ് അന്യസംസ്ഥാനക്കാരായ വ്യക്തികളെ കുടുംബത്തോടൊപ്പം ചേര്‍ക്കുന്നതിന് വേണ്ടി, സര്‍ക്കാര്‍ സഹായത്തോടെ അവരുടെ സ്വന്തം നാട്ടിലേക്ക് തിരികെ എത്തിക്കുന്ന “പ്രത്യാശ” പരിപാടിയുടെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിർവ്വഹിച്ചു.
മാനസിക രോഗം ഭേദമായ വ്യക്തികളുടെ സംരക്ഷണം പ്രത്യേകം പരിഗണിക്കണം എന്ന ചൂണ്ടിക്കാട്ടിയുള്ള സംസ്ഥാന സർക്കാരിൻറെ ഉത്തരവ് പ്രകാരം 2010ൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആരംഭിച്ച സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് വെഞ്ഞാറമൂട് കെയർഹോം. മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ കഴിഞ്ഞ് രോഗവിമുക്തരായിട്ടും ബന്ധുക്കൾ തിരികെ ഏറ്റെടുക്കാത്ത വ്യക്തികളെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടിയുള്ള ഈ സ്ഥാപനം കേരള സാമൂഹ്യ നീതി വകുപ്പിന്റെയും പേരൂർക്കട സർക്കാർ മാനസികാരോഗ്യകേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് പ്രവർത്തിക്കുന്നത്. ഈ സ്ഥാപനത്തിൻറെ പരിചരണത്തിലൂടെ ജീവിതത്തിലേക്ക് മടങ്ങി വരുന്നവരെ അവരുടെ ബന്ധുക്കളുടെ അടുത്തെത്തിക്കുന്ന നടപടികളും ഈ സ്ഥാപനം മുഖേന നടത്തിവരുന്നുണ്ട്.
പേരൂർക്കട മാനസികാരോഗ്യ ആശുപത്രിയിൽ നിന്നും വെഞ്ഞാറമൂട് കെയർ ഹോമിൽ പ്രവേശിപ്പിച്ച ബീഹാർ, ഉത്തർപ്രദേശ്, ജാർഖണ്ഡ് സ്വദേശികളായ ആറ് വ്യക്തികൾ സ്വഭവനങ്ങളിലേക്ക് മടക്കി അയക്കത്തക്ക രീതിയിൽ രോഗമുക്തി നേടിയവരാണ്. ഇവരുടെ പുനരധിവാസത്തിന്റെ ഭാഗമായി സൈക്കോ സോഷ്യൽ ട്രെയിനിങ്ങിനായി മലയാറ്റൂർ മാർ-വലാഹ് ദയറാ സൈക്കോ സോഷ്യൽ റിഹാബിലിറ്റേഷൻ സെന്ററിലേക്ക് ഇവരെ കൊണ്ടുപോകുന്നതും തുടർന്ന് അവരവരുടെ ഭവനങ്ങളിലേക്ക് തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ഉദ്ഘാടന കർമ്മമാണ് ജില്ലാ പഞ്ചായത്ത് ഇ എം എസ് സ്മാരക ഹാളിൽ വച്ച് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. ഡി. കെ. മുരളി എം. എൽ. എ. മുഖ്യ അതിഥിയായി പങ്കെടുത്തു.
മാനസികരോഗ വിമുക്തരും നിരാലംബരുമായ വ്യക്തികളെ പുനരധിവസിപ്പിക്കുന്നതിനായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൻറെ നിയന്ത്രണത്തിൽ സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ് വെഞ്ഞാറമൂട് കെയർഹോം. സ്ഥാപനത്തിൻറെ മികവ് പരിഗണിച്ച് സർക്കാർ മാനസികാരോഗ്യ ആശുപത്രിയിൽനിന്നും രോഗമുക്തി നേടിയ കൂടുതൽ വ്യക്തികളെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കണമെന്ന് അഭ്യർത്ഥന സർക്കാർ മാനസികാരോഗ്യ കേന്ദ്രം ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇത്തരത്തിലുള്ള പുനരധിവാസ പ്രവർത്തനം ഏറ്റെടുത്തിട്ടുള്ള ഒരേയൊരു ജില്ലാ പഞ്ചായത്ത് തിരുവനന്തപുരം ജില്ലാ പഞ്ചായത്താണ്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ. ഷൈലജാ ബീഗം, തിരു. നഗരസഭ ഡെപ്യൂട്ടി മേയർ പി.കെ. രാജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്. സുനിത, വി.ആർ. സലൂജ, എം. ജലീൽ, വിളപ്പിൽ രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആർ. സുഭാഷ്, ആൻസജിത റസ്സൽ, കെ. ഷീലാകുമാരി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഡി. രാജേഷ്, മോണിറ്ററിംഗ് കമ്മിറ്റി അംഗം അഡ്വ. സന്ധ്യ ജെ., പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. അനിൽ കുമാർ, ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷൈനി, പ്രത്യാശ പുനരധിവാസ പദ്ധതി റിഹാബിലിറ്റേഷൻ കോ-ഓഡിനേറ്റർ ബിന്ദു സെബാസ്റ്റ്യൻ തുടങ്ങിയവർ സംബന്ധിച്ചു.
