പെരുമാതുറ : മുതലപ്പൊഴിയിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറ്റിങ്ങൽ നഗരൂർ കൊടു വഴന്നൂർ ഗണപതിയാം കോണത്ത് വിളയിൽ വീട്ടിൽ അനുരാജി (25)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്ന് രാവിലെ മുതലപ്പൊഴിയിൽ നിന്നും മത്സ്യബന്ധനത്തിനായി പോയ മത്സ്യതൊഴിലാളികളാണ് കടലിൽ 8 നോട്ടിക്കൽ മൈൽ അകലെ മൃതദ്ദേഹം കണ്ടെത്തിയത്.തുടർന്ന് കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റും സംയുക്തമായി താഴംപള്ളി ലേലപ്പുരയിൽ എത്തിച്ച മൃതദ്ദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
തിരുവോണ ദിവസം വൈകുന്നേരതോടെയായിരുന്നു അപകടം. മുതലപ്പൊഴിയിൽ 8 പേർ ഉൾപ്പെടുന്ന കുടുംബാംഗങ്ങൾ ഒരുമിച്ചാണ് എത്തിയത്. കടലിൽ കുളിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് നാല് പേർ മുങ്ങി താഴുകയായിരുന്നു. കടൽ തീരത്ത് സുരക്ഷ ഒരുക്കുന്നതിനായി നിന്ന കോസ്റ്റൽ വാർഡന്മാരും നാട്ടുകാരായ മൂന്ന് പേരും ചേർന്ന് 3 പേരെ രക്ഷപ്പെടുത്തിയെങ്കിലും അനുരാജിനെ കാണാതാവുകയായിരുന്നു
ആറ്റിങ്ങൽ ബി.കെ ഓട്ടോ മൊബൈൽസ് എന്ന സ്ഥാപനത്തിലെ ജീവനകാരനായിരുന്നു മരണപ്പെട്ട അനുരാജ്. ഏറേ നാളത്തെ പ്രണയത്തിനൊടുവിൽ 2 മാസം മുൻപായിരുന്നു ഭാഗ്യയുമായുള്ള വിവാഹം. അനുരാജിന്റെ സുഹൃത്തുകളും ബന്ധുകളും കഴിഞ്ഞ ദിവസങ്ങളിലെല്ലാം മുതലപ്പൊഴിയിൽ എത്തിയിരുന്നു.
