മുസ്ലിം ലീഗ് സമരത്തിലേക്ക്
ചിറയിൻകീഴ് : പെരുമാതുറ – അഞ്ചുതെങ്ങ് തീരദേശ ഗ്രാമങ്ങളുടെ സമഗ്ര വികസനത്തിന് തുണയാകുന്ന മുതലപ്പൊഴി ടൂറിസത്തിന്റെ ഭാഗമായുള്ള പെരുമാതുറ ബീച്ച് വികസന പദ്ധതിയെ സർക്കാർ അവഗണിക്കുന്നതിനെതിരെ മുസ്ലിം ലീഗ്. സർക്കാർ തുടർച്ചയായി തീരദേശവാസികളെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് ചിറയിൻകീഴ് മണ്ഡലം മുസ്ലിം ലീഗ് അഭിപ്രായപ്പെട്ടു.
ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പദ്ധതിയുടെ ഭാഗമായി പ്രരംഭഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പോലും നടത്തിയില്ലെന്നും മുസ്ലിം ലീഗ് ആരോപിച്ചു. യു.ഡി.എഫ് സർക്കാരാണ് പെരുമാതുറ ബീച്ച് വികസന പദ്ധതിക്കായി പഠനം നടത്തിയത്. തുടർന്ന് മൂന്ന് കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇടത്ത് സർക്കാർ അധികാരത്തിലേറിയതിന് ശേഷം പദ്ധതിക്കായി കണ്ടെത്തിയ സ്ഥലം അദാനിക്കായി വിട്ടു നൽകുകയായിരുന്നു. ഇതിനെതിരെ ജനകീയ രോക്ഷം ഉയർന്നതോടെ വാർഫ് നിർമ്മാണതോടൊപ്പം ടൂറിസം പദ്ധതി നിർമ്മാണം ആരംഭിക്കുമെന്ന സർക്കാർ വാഗ്ദാനം പാലിച്ചില്ലെന്നും ഒടുവിൽ 2020-ൽ പെരുമാതുറ ബീച്ച് വികസന പദ്ധതിയുടെ ഉദ്ഘാടനം നടത്തുകയും ഒരു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതും പാലിക്കപ്പെട്ടില്ലെന്നും മുസ്ലിം ലീഗ് കുറ്റപ്പെടുത്തി.
അടിസ്ഥാന സൗകര്യം ഒരുക്കാതെ സർക്കാർ കാണിക്കുന്ന ഈ വഞ്ചനക്കെതിരെ മുസ്ലിം ലീഗ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ചിറയിൻകീഴ് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കടവിളാകം കബീർ, ജനറൽ സെക്രട്ടറി ഷഹീർ ജി അഹമ്മദ് എന്നിവർ പറഞ്ഞു.
