ജോജുവിന്റെ സുഹൃത്തുക്കൾ കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചെന്നും പ്രശ്നങ്ങൾ പരസ്പരം സംസാരിച്ച് തീർക്കാൻ തീരുമാനിച്ചുവെന്നും സൂചന.ഇരുഭാഗത്ത് നിന്നും പ്രകോപനമുണ്ടായെന്നും തെറ്റായ കാര്യങ്ങൾ സംഭവിച്ചുവെന്നും ഡിസിസി പ്രസിഡൻ്റ് മുഹമദ് ഷിയാസ് പറഞ്ഞു. മനുഷ്യസഹജമായ പ്രശ്നങ്ങളാണ് ഉണ്ടായതെന്നും ഇതിൽ പരിഹരിക്കപ്പെടാൻ കഴിയാത്ത കാര്യങ്ങൾ ഒന്നും തന്നെയില്ലെന്നും കോൺഗ്രസ് നേതൃത്വം പറയുന്നു. ജോജുവുമായി ചർച്ച നടത്തി പ്രശ്നങ്ങൾ ഒത്തുതീർപ്പിലേക്ക് എത്താനാണ് തീരുമാനം.എറണാകുളം എം.പി ഹൈബി ഈഡൻ ഉൾപ്പെടെയുള്ള നേതാക്കൾ ഇടപെട്ടാണ് വിഷയത്തിൽ പ്രശ്ന പരിഹാരത്തിന് മുൻകൈയെടുത്തത്. ഇന്ധന വില വർധനവിനെതിരെയാണ് കോൺഗ്രസ് സമരം ചെയ്തതെന്നും അത് ഒരിക്കലും നടൻ ജോജുവിന് എതിരെ അല്ലെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. സമരത്തിന്റെ ഉദ്ദേശശുദ്ധി നടന് മനസ്സിലായെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അക്കാര്യം അറിയിച്ചുവെന്നും സൂചനയുണ്ട്.
