തിരുവനന്തപുരം : നഗരത്തിലെ ഏറ്റവും തിരക്കുള്ള ഇഞ്ചക്കൽ ജംഗ്ഷനിലെ ഗതാഗത കുരുക്ക് ശാശ്വതമായി പരിഹരിക്കുവാൻ ഫ്ലൈ ഓവർ നിർമ്മിക്കുവാനായി നാഷണൽ ഹൈവേ അതോറിറ്റിയെ സമീപിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ വികസന പദ്ധതികൾ ചർച്ച ചെയ്യുവാൻ ചേർന്ന യോഗത്തിനുശേഷം മന്ത്രി അറിയിച്ചതാണ് ഇക്കാര്യം. നിരവധി റോഡുകൾ സംഗമിക്കുന്ന തിരക്കേറിയ ഇഞ്ചക്കൽ ജംഗ്ഷനിൽ ഫ്ലൈഓവർ എന്ന ആവശ്യം നേരത്തെ ഉയർന്നതാണ്. ഫ്ലൈഓവർ നിർമ്മിക്കാതെ ഇഞ്ചക്കൽ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സാധിക്കിലെന്നാണ് യോഗത്തിലുണ്ടായ പൊതുവായ നിഗമനം. ഈ ആവശ്യത്തിനായി മന്ത്രി ആന്റണി രാജൂ ഡൽഹിയിൽ പോയി ദേശീയപാത അതോറിറ്റി ചെയർമാനുമായി നേരിട്ട് ചർച്ച ചെയ്യും. തിരക്കേറിയ സമയത്ത് ഗതാഗതക്കുരുക്ക് പരിഹരിക്കാനായി സമീപത്തുള്ള ചെറിയ റോഡിലൂടെ വാഹനങ്ങൾ കടത്തി വിടുന്നത് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. ഗതാഗത സെക്രട്ടറി ബിജുപ്രഭാകർ ഐഎഎസ്, ജനപ്രതിനിധികൾ, പോലീസ്, ദേശീയപാത അതോറിറ്റി, നഗരസഭ, എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
