
ആത്മവിശ്വാസത്തിന്റെ സന്ദേശം നൽകി
ചില നേരങ്ങളിൽ ചില മനുഷ്യർ അരങ്ങിൽ കോവിഡിൽ തൊഴിൽനഷ്ടം വന്ന യുവാക്കളുടെ തിരിച്ചു വരവിന്റെ കഥ പറയുകയാണ് ചിറയിൻകീഴ്, മുടപുരം സ്വദേശികളുടെ നാടക കൂട്ടായ്മ. ദി തീയറ്റർ ഗ്രൂപ്പിന്റെ "ചില നേരങ്ങളിൽ ചില മനുഷ്യർ '' എന്ന നാടകത്തിലെ നടന്മാരും അണിയറ പ്രവർത്തകർ ഓട്ടോറിക്ഷാ തൊഴിലാളിയും ഇലക്ട്രിഷ്യനും ഉൾപ്പെടുന്നവരാണ്.ജോലി കഴിഞ്ഞെത്തുന്ന വൈകുന്നേരങ്ങളിലാണ് ഇവർ നാടകപരിശീലനം പൂർത്തിയാക്കിയത്. നാട്ടുകാരായ സുഹൃത്തുകളാണ് രംഗമൊരുക്കുന്നതിനാവശ്യമായ ഉപകരണങ്ങൾ നിർമ്മിച്ചു നൽകിയത്. അവതരണചിലവ് മാത്രമാണ് നാടകത്തിന് നൽകേണ്ടത്.ഇതിനോടകം നാടകം നിരവധി വേദികളിൽ വിജയകരമായി അവതരിപ്പിച്ചു കഴിഞ്ഞു. വാർദ്ധക്യത്തിലും ഒറ്റക്ക് അദ്ധ്വാനിച്ച് ജീവിക്കുന്ന ഒരച്ഛനാണ് കേന്ദ്ര കഥാപാത്രം. ആധുനിക ജീവിതത്തിന്റെ ഭാഗമായ രണ്ടു മക്കളടക്കം മൂന്നു കഥാപാത്രങ്ങൾ മാത്രമാണ് ഈ നാടകത്തിലുള്ളത്.
കോവിഡിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട യുവാക്കളുടെ ജീവിതവും കോവിഡ് പ്രതിരോധത്തിന്റെ പ്രാധാന്യവും നാടകം ഓർമ്മപ്പെടുത്തുന്നു. കവി രാധാകൃഷ്ണൻ കുന്നുംപുറമാണ് രചനയും സംവിധാനവും നിർവ്വഹിച്ചത്.നാടക നടന്മാരായ
ബിജു മുടപുരം, അഭിലാഷ് വേറ്റിനാട്, സേതു ശിവകൃഷ്ണപുരം എന്നിവരാണ് വേഷമിടുന്നത്. വിപിൻ ഗോവിന്ദാണ് അണിയറ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.കോവിഡ് നിയന്ത്രങ്ങൾ മാറുന്നതനുസരിച്ച് പരമാവധി സ്ഥലങ്ങളിൽ നാടകം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കലാകാരന്മാരുടെ ഈ കൂട്ടായ്മ.
