തിരുവനന്തപുരം: പട്ടാപ്പകല്‍ തലസഥാന നഗരത്തിലെ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം കേട്ട് ഞെട്ടി പോലീസ്.
അറിയപ്പെടുന്ന ഗുണ്ടയാകുക എന്നത് തന്റെ ആഗ്രഹമായിരുന്നെന്നും ഇനി എല്ലാവരും തന്നെ ഭയക്കുമല്ലോയെന്നുമാണ് ചോദ്യം ചെയ്യലിനിടെ അജീഷ് പൊലീസിനോട് പറഞ്ഞത്. അസഭ്യം പറഞ്ഞതും, മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിന്റെയും വിരോധത്തെ തുടര്‍ന്നാണ് ഹോട്ടല്‍ റിസപ്ഷനിസ്റ്റായിരുന്ന നാഗര്‍കോവില്‍ കോട്ടാര്‍ ചെട്ടിത്തെരുവില്‍ നീലനെ(അയ്യപ്പന്-34) കൊലപ്പെടുത്തിയതെന്നാണ് അജീഷ് ആവര്‍ത്തിച്ച് പറയുന്നത്.
ലഹരിമരുന്ന് അമിതമായി ഉപയോഗിച്ചതിനെ തുടര്‍ന്ന് ഉന്മാദാവസ്ഥയിലാണ് പ്രതിയെന്നു പൊലീസ് പറഞ്ഞു. നീലന് മരിച്ച വിവരം പൊലീസ് കസ്റ്റഡിയിലിരിക്കെ അറിഞ്ഞ പ്രതി പൊട്ടിച്ചിരിച്ചാണ് പ്രതികരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ റിസപ്ഷന് കൗണ്ടറില്‍ ഇരിക്കുകയായിരുന്ന നീലനെ വെട്ടുകത്തി ഉപയോഗിച്ച് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന്, ബൈക്കില്‍ നെടുമങ്ങാട് ഭാഗത്തേക്കു പോയ പ്രതി സുഹൃത്തുക്കളെ കൊലപ്പെടുത്താനാണ് ലക്ഷ്യമിട്ടത്. ഇയാളുടെ വീടിനടുത്തുള്ളവരായിരുന്നു ഇരുവരും.
സുഹൃത്തുക്കളായിരുന്നവര്‍ തെറ്റിപ്പിരിഞ്ഞതിന്റെ വിരോധത്തിലാണ് ഇരുവരെയും കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ഇതിനായി രണ്ടു പേരുടെയും വീടുകളില്‍ എത്തി. ഒരാളെ കണ്ടെത്തിയെങ്കിലും മറ്റൊരാള്‍ വീട്ടില്‍ ഇല്ലായിരുന്നു. സാഹചര്യം അനുകൂലമല്ലെന്നു കണ്ടാണ് ദൗത്യം ഉപേക്ഷിച്ചതെന്നും പ്രതി പൊലീസിനോടു പറഞ്ഞു. ഇയാളെ കണ്ട് ഒരാള്‍ ഓടി രക്ഷപ്പെട്ടതായും സൂചനയുണ്ട്. നീലനെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടു പോകുമ്ബോള്‍ ബൈക്കിലെ പെട്രോള്‍ തീരുകയും മുല്ലശേരിയില്‍ വച്ച് ബൈക്ക് ഒതുക്കി നിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന്, ചില വാഹനങ്ങളില്‍ കയറി ആനായിക്കോണത്തിനടുത്ത് എത്തി.
ഈ ഭാഗത്തുള്ള രണ്ടു പേരുടെ വീടുകളിലും എത്തി. എന്നാല്‍ പദ്ധതി പാളുകയായിരുന്നു. ഒരു വീട്ടുടമയെ ലക്ഷ്യമിട്ട് വീട്ടിലെത്തിയെങ്കിലും തിരികെ മടങ്ങി. മറ്റൊരാളുടെ വീട്ടിലെത്തിയെങ്കിലും അദ്ദേഹം അവിടെ ഇല്ലായിരുന്നു. ഇവിടുത്തെ വളര്‍ത്തുനായയെ ആക്രമിച്ച ശേഷമാണ് മടങ്ങിയത്. തുടര്‍ന്ന്, ആനായിക്കോണം പാലത്തില്‍ ഇരിക്കുമ്ബോഴാണ് നെടുമങ്ങാട് പൊലീസ് പ്രതിയെ പിടികൂടിയത്. പിടികൂടിയപ്പോള്‍ രക്ഷപ്പെടാന്‍ ഇയാള്‍ ശ്രമിച്ചതുമില്ല.
