ഹൈദരാബാദ്: തെലങ്കാനയിലെ ആക്രിക്കടയിലുണ്ടായ തീപിടിത്തതിൽ മരിച്ച വിവിധ ഭാഷാതൊഴിലാളികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസംസ്ഥാന സർക്കാരുകൾ.
പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. തീപിടിത്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നാണ് തെലങ്കാന സർക്കാർ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു തീപ്പിടിത്തത്തെ അപലപിച്ചു.
ബുധനാഴ്ച പുലർച്ചെയാണ് ആക്രിക്കടയിൽ തീപിടിത്തമുണ്ടായത്. തൊഴിലാളികൾ എല്ലാവരും ഉറങ്ങിക്കിടക്കുകയായിരുന്നു. അതേസമയം രണ്ട് ജീവനക്കാർ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
മരിച്ചവരുടെ പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ നാട്ടിലേക്കയക്കും. കഴിഞ്ഞ ഒന്നരവർഷമായി സ്ഥാപനത്തിൽ ജോലിചെയ്തിരുന്നവരാണ് കൊല്ലപ്പെട്ടത്. ഇതിൽ 10 പേരും ബിഹാറിൽ നിന്നുള്ളവരാണ്. മരിച്ചവരെ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടത്തുമെന്നാണ് വിവരം. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് സംസ്ഥാനത്ത് ബിജെപി നേതാക്കൾ ആവശ്യപ്പെടുന്നത്. നഷ്ടപരിഹാരമായി 50 ലക്ഷം രൂപ പ്രഖ്യാപിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
