ന്യൂഡല്‍ഹി: കോൺഗ്രസ് രാജ്യസഭാ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറാണ് കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥി. നേരത്തെ നടന്ന വിപുലമായ ചർച്ചയിൽ മൂന്ന് പേരുകളായിരുന്നു പ്രധാനമായും ഹൈക്കമാൻഡിന് മുമ്പാകെ കെപിസിസി നേതൃത്വം നൽകിയത്. ജെബി മേത്തര്‍, എം ലിജു, ജെയ്സണ്‍ ജോസഫ് എന്നിവരുടെ പേരുകളായിരുന്നു ഉയർന്നത്. ഇന്ന് വെകുന്നേരമായിരുന്നു കെപിസിസി പട്ടിക കൈമാറിയത്. കേവലം മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ ഹൈക്കമാൻഡ് ജെബി മേത്തറിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു.. മുസ്ലീം സമുദായ പരിഗണന, വനിതാ യുവ പ്രാതിനിധ്യം, യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹി എന്ന നിലയിലുള്ള ഡല്‍ഹിയിലെ പ്രവര്‍ത്തന പരിചയം എന്നിവയാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായ ജെബി മേത്തറിന് അനുകൂല ഘടകമായത്. സംസ്ഥാനത്തുനിന്ന് കോണ്‍ഗ്രസിന് രാജ്യസഭയിലും ലോക്സഭയിലും മുസ്ലീം വിഭാഗത്തില്‍നിന്ന് എംപിയില്ല. എന്നാല്‍ ഇടതുപക്ഷത്തിന് എഎ റഹീം കൂടി വരുന്നതോടെ മുസ്ലീം പ്രാതിനിധ്യം മൂന്നായി ഉയരും. ഇതും സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യവും കൂടി കണക്കിലെടുത്താണ് ജെബിയുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇത് ഹൈക്കമാൻഡ് അംഗീകരിക്കുകയായിരുന്നു…….
