ജീവിതത്തിൽ ഒരിക്കലെങ്കിലും വിഡ്ഢിയാകാത്തവരായി ആരുണ്ട്. എന്നെ ഒന്ന് വിഡ്ഢിയാക്കൂ എന്ന് രാവിലെ തന്നെയെത്തി വിഡ്ഢിവേഷം കെട്ടുന്നവരുമുണ്ട്. എത്ര വിഡ്ഢിയാക്കിയാലും അതൊട്ടു മനസ്സിലാവാത്ത വിഡ്ഢി കുശ്മാണ്ടങ്ങളും ഏറെ.
പക്ഷെ എല്ലാവരെയും എല്ലാകാലത്തും വിഡ്ഢിയാക്കാനാവില്ലെന്നതാണ് വസ്തുത. അതുകൊണ്ട് വിഡ്ഢിദിനത്തിനും ഏറെ പ്രസക്തിയുണ്ട്. ലോകം ഒരുമിച്ച് ഒറ്റദിവസം ആഘോഷിക്കുന്നുവെന്ന അപൂർവ്വതയും ഈ ദിനത്തിനുണ്ട്. അയൺപൈറൈറ്റിസിനെ വിഡ്ഢികളുടെ സ്വർണം എന്നാണ് അറിയപ്പെടുന്നത്.ഏപ്രിൽ ഫൂളുമായി ബന്ധപ്പെട്ട് ഒന്നിലധികം കഥയുണ്ട്. ഫ്രാൻസിൽ 1582ലെ കലണ്ടർ മാറ്റവുമായി ബന്ധപ്പെട്ടതാണ് ഒന്ന്.
bc45യിൽ ഫ്രാൻസ് ഭരിച്ചിരുന്ന ജൂലിയസ് സീസർ കൊണ്ടുവന്ന ജൂലിയൻ കലണ്ടറാണ് അതുവരെ എല്ലാവരും പിന്തുടർന്നിരുന്നത്. പക്ഷെ 1582ൽ അന്നത്തെ മാർപ്പാപ്പ പോപ് ഗ്രിഗറി പതിമൂന്നാമൻ ആ പഴയ കലണ്ടർ പരിഷ്കരിച്ചു. പുതിയൊരു കലണ്ടർ തുടങ്ങി. അതാണ് ഗ്രിഗോറിയൻ കലണ്ടർ.അതുവരെ ഏപ്രിൽ 1ന് തുടങ്ങിയിരുന്ന പുതുവർഷം പുതിയ കലണ്ടറിൽ ജനുവരി ഒന്നിലേക്ക് മാറ്റി. അന്ന് വാർത്താവിനിമയ ഉപാധികൾ കുറവായിരുന്നു. അതിനാൽ രാജപരിഷ്കാരങ്ങൾ ജനങ്ങളിൽ എത്തുന്നതിന് ഏറെ വർഷങ്ങൾ എടുത്തു. അങ്ങനെ ആ കാലത്ത് കുറെപേർ ജനുവരി ഒന്നിനും ചിലർ ഏപ്രിൽ ഒന്നിനും പുതുവത്സരം ആഘോഷിച്ചു. പുതിയ കലണ്ടർ നിലവിൽ വന്ന ശേഷവും ഏപ്രിൽ ഒന്നിന് പുതുവത്സര ആഘോഷിച്ചവരെ പുതുലോകം ”മണ്ടന്മാർ” എന്ന് വിളിക്കാൻ തുടങ്ങി. മാത്രമല്ല പുത്തൻ പരിഷ്കാരങ്ങളെ ഉൾക്കൊള്ളാൻ തയ്യാറാകാത്ത യാഥാസ്ഥിതികരെയും പരിഹസിച്ചുകൊണ്ടാണ് ഏപ്രിൽ ഒന്നിന് വിഡ്ഢിദിനം ആഘോഷിക്കുന്നതെന്നാണ് ഒരു വാദം. ഏപ്രിൽ ഒന്നിന് അങ്ങനെ ആളുകളെ പറ്റിക്കാൻ നുണകളും മറ്റും പ്രചരിപ്പിക്കുന്ന രീതി അവിടെനിന്നാണ് തുടങ്ങിയത്.
ഗ്രീക്ക് ദേവതയായ സെറസിന്റെ മകളായ പ്രോസപിനായെ പ്ലൂട്ടോദേവൻ തട്ടിക്കൊണ്ടുപോയ കഥയാണ് മറ്റൊന്ന്. മകളുടെ കരച്ചിൽ കേട്ടെത്തിയ സെറസ് മാറ്റൊലി കേട്ടഭാഗത്തേയ്ക്ക് ഓടിയത് വിഡ്ഢിദിനവുമായി ബന്ധപ്പെടുത്തി പറയുന്നവരുണ്ട്. പതിനെട്ടാം നൂറ്റാണ്ടോടെയാണ് ഇംഗ്ളണ്ടിലും സ്കോട്ട്ലൻഡിലും വിഡ്ഢിദിനം ആഘോഷിക്കാൻ തുടങ്ങിയത്.
ഏപ്രിൽ ഒന്നിനെക്കുറിച്ച് ചില അന്ധവിശ്വാസങ്ങളും നിലവിലുണ്ട്. സുന്ദരിയായ യുവതി ഒരു യുവാവിനെ വിഡ്ഢിയാക്കുന്നുവെങ്കിൽ അവൾ അവനെ വിവാഹം ചെയ്യണമെന്നുവിശ്വസിക്കുന്നവരും ഏപ്രിൽ ഒന്നിന് വിവാഹിതരായാൽ ഭർത്താവിനെ ഭാര്യ ഭരിക്കുമെന്നു കരുതുന്നവരുമൊക്കെയുണ്ട്. എന്തായാലും ഇന്ന് ലോകജനത ഏപ്രിൽ ഫൂൾകൊണ്ടാടുന്നു. ഓരോ നാടും അവരുടെ സ്വന്തം തമാശകളും വിഡ്ഡിത്തരങ്ങളുമായി ഏപ്രിൽ ഫൂൾ ആഘോഷമാക്കി മാറ്റുന്നു. ഈ ജാതിമതപ്രായഭേദമില്ലാതെ ആർക്കും ആരേയും പറ്റിക്കാം; പരിധിവിടരുതെന്ന് മാത്രം.
വിഡ്ഢിദിനത്തെപ്പറ്റി പലരും പലതും പറഞ്ഞിട്ടുണ്ട്. ഏതൊരു വിഡ്ഢിക്കും ഇന്ന് നിയമം ഉണ്ടാക്കാമെന്നും മറ്റേതൊരു വിഡ്ഢിക്കും അത് അനുസരിക്കാമെന്നും പറഞ്ഞത് ഹെൻറിഡേവിഡ്. എന്നാൽ വിഡ്ഢിദിനം വിഡ്ഢികളുടെയും വിഡ്ഢികളാക്കപ്പെടുന്നവരുടെയും ദിനമല്ലെന്ന് മാർക്ട്വയിൻ. സ്വന്തം മണ്ടത്തരങ്ങളെക്കുറിച്ചോർത്ത് ചിരിക്കാനും വർഷത്തിലെ 364 ദിവസവും നമ്മൾ ചെയ്തുകൊണ്ടിരുന്നതിനെക്കുറിച്ചും ഇടയിലെ അമളികളെക്കുറിച്ചും ഓർക്കാനുള്ള ദിനമാണ് ഏപ്രിൽ ഒന്ന് എന്നും മാർക് ട്വയിൻ പറഞ്ഞു.
