.
സംസ്ഥാനത്തെ പ്രീ പ്രൈമറി അധ്യാപികമാർക്ക് കഴിഞ്ഞ നാലു മാസമായി ഓണറേറിയം വിതരണം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് കെ.പി.എസ്.ടി.എ. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിക്കുന്ന പ്രീ പ്രൈമറിയിലെ അധ്യാപികമാർക്ക് ലഭിക്കേണ്ടിയിരുന്ന തുച്ഛമായ വേതനം വിതരണം ചെയ്യാതെ തടഞ്ഞുവയ്ക്കുന്നതിൽ ബോധപൂർവ്വമായി കൂട്ടുനിന്ന ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്താൻ സർക്കാർ അടിയന്തിരമായി ഇടപെടണം. വിദ്യാഭ്യാസ വകുപ്പിനും ധനവകുപ്പിനും ഇതിൽ തുല്യമായ പങ്ക് ഉണ്ടെന്നിരിക്കെ പരസ്പരം പഴിചാരി പൊതു സമൂഹത്തെ വിഡ്ഢികളാക്കുകയാണ് അധികാരിവർഗ്ഗം ചെയ്യുന്നത്. വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിൽ ഇടത് സർക്കാർ തികഞ്ഞ പരാജയമാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്. ഡി.ജി.ഇ. ഓഫീസിലേക്ക് വേതന വിതരണം സംബന്ധിച്ച് അന്വേഷിക്കാൻ വിളിച്ച കെ.പി.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി അംഗവും പ്രീ പ്രൈമറി അധ്യാപക നേതാവുമായ കാമാക്ഷി ഗൗതം എന്ന അധ്യാപികയെ അധിഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഉദ്യോഗസ്ഥനെതിരെ അടിയന്തിര നടപടി എടുക്കാൻ തയ്യാറായില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. ജില്ലാ പ്രസിഡൻ്റ് നെയ്യാറ്റിൻകര പ്രിൻസ് അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എൻ. രാജ്മോഹൻ, അനിൽ വെഞ്ഞാറമൂട്, പ്രദീപ് നാരായൺ, ജി.ആർ. ജിനിൽ ജോസ്, ബിജു തോമസ്, ജെ.സജീന, ആർ. ശ്രീകുമാർ, സി. ആർ. ആത്മകുമാർ, എൻ. സാബു, ഷമീം കിളിമാനൂർ എന്നിവർ സംസാരിച്ചു.
