സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുകയാണ്. എല്ലാ ജില്ലകളിലും കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്. ചക്രവാതച്ചുഴിയാണ് കേരളത്തിൽ കനത്ത മഴക്ക് കാരണം. നിലവിൽ ചക്രവാതച്ചുഴി തമിഴ്നാടിന് മുകളിലേക്ക് മാറിയിട്ടുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊച്ചിയടക്കമുള്ള പ്രധാന നഗരങ്ങളിൽ വെള്ളക്കെട്ട് ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. മഴ കനത്തതോടെ കാസർകോട് നീലേശ്വരം പാലായി ഷട്ടർ കം ബ്രിഡ്ജിന്റെ എല്ലാ ഷട്ടറുകളും തുറക്കും. തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി.
