സദാ ഗതാഗതകുരുക്കിന് കുപ്രസിദ്ധിയാർജ്ജിച്ച ആറ്റിങ്ങൽ പട്ടണത്തിൽ അനധികൃത പാർക്കിംഗ് നടത്തുന്നവർ ശ്രദ്ധിക്കുക. ഇത്തരം അനധികൃത പാർക്കിംഗ് നടത്തുന്നതിന് പോലീസ് പിഴ ഈടാക്കി തുടങ്ങി. ആറ്റിങ്ങൽ കിഴക്കേ നാലു മുക്കിൽ കോളേജ് റോഡിലും കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനു എതിർവശത്തുള്ള റോഡരികിലും, വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് വൻ ഗതാഗതക്കുരുക്കിന് കാരണം ആയിരുന്നു. അനധികൃതമായി വാഹനം പാർക്ക് ചെയ്താൽ ആദ്യം 250 രൂപയും ആവർത്തിച്ചാൽ ഇതിന് ഇരട്ടി തുകയും പിഴ ഈടാക്കും. തദ്ദേശഭരണസ്ഥാപനങ്ങൾ ഇടപെട്ട് സദാ വാഹന തിരക്കേറിയ ആറ്റിങ്ങൽ പോലുള്ള പട്ടണങ്ങളിൽ പാർക്കിംഗ് കേന്ദ്രങ്ങൾ സജ്ജീകരിച്ച് വാഹന യാത്രക്കാർക്ക് സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യം ഏറെ നാളായി ഉന്നയിച്ചു വരികയാണ്.


